15 ഏക്കർ വിരിപ്പുകൃഷി വെള്ളത്തിനടിയിൽ
Mail This Article
പെരുമ്പിലാവ് ∙ തോടിന്റെ ശോച്യാവസ്ഥ മൂലം ചാലിശ്ശേരി കോതമംഗലം പാടശേഖരത്തിൽ 15 ഏക്കറോളം വിരിപ്പു കൃഷി വെള്ളത്തിനടിയിലായി. കൈതച്ചെടികൾ നിറഞ്ഞു ഒഴുക്കു നിലച്ചതോടെ തോടു നിറഞ്ഞു വെള്ളം വയലിലേക്കു ഒഴുകിയതാണു പാടത്തു വെള്ളക്കെട്ടു രൂപപ്പെടാൻ കാരണമായത്. നട്ടു ദിവസങ്ങൾ മാത്രം പിന്നിട്ട നെൽച്ചെടികളാണു മുങ്ങിയത്. മഴയ്ക്കു ശമനം വന്നതോടെ വെള്ളക്കെട്ട് താമസിയാതെ ഒഴിവാകുമെന്ന പ്രതീക്ഷയിലാണു കർഷകർ. തൃശൂർ- പാലക്കാട് ജില്ലാ അതിർത്തിയിലുള്ള കോതമംഗലം, കാക്കശ്ശേരി, ഒറ്റപ്പിലാവ് എന്നീ പാടശേഖരങ്ങളിലായി അൻപതോളം ഏക്കർ ഒന്നാം വിള നെൽക്കൃഷിയാണുള്ളത്. തണത്തറ തോടിന്റെയും അതിനോടു ചേരുന്ന ചെറു തോടുകളുടെയും ജലസംഭരണ ശേഷി ആശ്രയിച്ചാണു ഈ ഭാഗങ്ങളിലെ കൃഷി നിലനിൽക്കുന്നത്.
അറ്റകുറ്റപ്പണികൾ കാലാകാലം നടത്താത്തതിനാൽ ഈ ഭാഗത്തെ തോടുകൾ അതീവ ശോച്യാവസ്ഥയിലാണ്. ആഴവും വീതിയും കൂട്ടി ഭിത്തികൾ ബലപ്പെടുത്തി തോടുകളുടെ ജലസംഭരണ ശേഷി കൂട്ടണമെന്നു കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പ്രതിസന്ധികൾ പതിവായതോടെ പലരും നെൽക്കൃഷിയിൽ നിന്നും പിൻവാങ്ങി. തോടിന്റെ നവീകരണം നടത്താൻ സർക്കാർ സംവിധാനങ്ങൾ തയാറായില്ലെങ്കിൽ അടുത്ത സീസണിൽ പണം വീതിച്ചെടുത്തു സ്വയം ചെയ്യാനുള്ള ഒരുക്കത്തിലാണു കർഷകർ.