പേമാരി പകച്ച് ജനം; റോഡുകളും വീടുകളും വെള്ളത്തിൽ

Mail This Article
വടക്കാഞ്ചേരി ∙ ശക്തമായ മഴയ്ക്കൊപ്പം വാഴാനി അണക്കെട്ടിൽ നിന്നു തുറന്നുവിട്ട വെള്ളം കൂടി എത്തിയതോടെ വാഴാനി പുഴ കരകവിഞ്ഞൊഴുകി. കരുമത്ര, മംഗലം, ചാലിപ്പാടം, മാരാത്തുകുന്ന് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു വീടുകൾ വെള്ളത്തിലായതോടെ വീട്ടുകാരെ മാറ്റി പാർപ്പിക്കാനായി വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. അഗ്നിരക്ഷാ സേനയാണു പലയിടത്തും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു നീക്കുന്നത്.

പഴയന്നൂർ ∙ ഇന്നലത്തെ കനത്ത മഴയിൽ റോഡുകളിലും വീടുകളിലും വെള്ളം കയറി. പഴയന്നൂർ നവോദയ മെഡിക്കൽ സെന്ററിനു സമീപം റോഡിൽ വൻതോതിൽ വെള്ളം കയറി. ഇതിനു പിന്നിലെ വീടുകളിലെല്ലാം വെള്ളം കയറി. രാത്രിയിലും മഴ ശമിച്ചിട്ടില്ല.

ചേലക്കര ∙ തോടു കവിഞ്ഞു ലൈസിയം–കുറുമല റോഡിൽ വെള്ളം കയറി. പുലാക്കോട് ചെമ്പാംകുളമ്പ് തോടിന്റെ സംരക്ഷണ ഭിത്തി തകർന്നതു കൊട്ടാഴിയിൽ ബാലസുബ്രഹ്മണ്യന്റെ ഇരുനില വീടിനു ഭീഷണിയായി. തിരുവില്വാമല അരക്കമല കോളനി, പഴയന്നൂർ പൊട്ടങ്കോട് എന്നിവിടങ്ങളിൽ വീടുകൾ തകർന്നു. എളനാട് ∙ ചേപ്പയിലെ തോടു കവിഞ്ഞു ആനച്ചാൽ റോഡിലേക്കു വെള്ളം കയറി. പാടശേഖരത്തിലെ വെള്ളം കവിഞ്ഞു മുത്തലാംകോട് കോളനി റോഡിലും വെള്ളം കയറി.