വടക്കാഞ്ചേരിയിൽ ഉരുൾപൊട്ടൽ സാധ്യത പരിശോധിക്കാൻ നിർദേശം
Mail This Article
വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ വനമേഖലകളിൽ ഉരുൾപൊട്ടലിന്റെ സാധ്യതകൾ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന നിയോജകമണ്ഡലം തല ദുരന്ത നിവാരണ സമിതി യോഗം വനം വകുപ്പ് അധികൃതർക്കു നിർദേശം നൽകി. അകമല ഉൾപ്പെടെയുള്ള വനപ്രദേശങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണു സാധ്യത പരിശോധിക്കാൻ വനം റേഞ്ച് ഓഫിസർക്കു യോഗം നിർദേശം നൽകിയത്. ഇരട്ടക്കുളങ്ങരയിലും കുറാഞ്ചേരിയിലും വടക്കാഞ്ചേരി മേൽപാലം അപ്രോച്ച് റോഡിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലുകൾ യോഗം ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം മേഖലയിൽ ഉണ്ടായ പ്രളയത്തിനു കാരണം വാഴാനി ഡാം തുറന്നതു കൊണ്ടു മാത്രമല്ലെന്നും അകമല ഉൾവനത്തിൽ നിന്ന് ഇരച്ചെത്തിയ മലവെള്ളവും കാരണമായിട്ടുണ്ടെന്നുമാണു പൊതുവേ വിലയിരുത്തൽ. ദുരന്തത്തെ നേരിടാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നു സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അഭ്യർഥിച്ചു.
കുന്നംകുളം ∙ മഴക്കെടുതിയുടെ ദുരന്ത നിവാരണത്തിന് നിയോജകമണ്ഡലത്തിൽ ജാഗ്രത സമിതികൾ നിലവിൽ വന്നു. എല്ലാ ദിവസവും പ്രവർത്തനം വിലയിരുത്തുന്നതിന് ജാഗ്രത സമിതി യോഗം ചേരാനും എ.സി.മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
സ്ഥിതി പൂർണ നിയന്ത്രണവിധേയമെന്നും ആശങ്ക വേണ്ടെന്നും യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കൽ, വെള്ളക്കെട്ട് ഒഴിവാക്കൽ എന്നിവ ഉടൻ നടത്തും. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ഡപ്യൂട്ടി കലക്ടർ അമൃതവല്ലി, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ. സന്തോഷ്, തഹസിൽദാർ ഒ.ബി.ഹേമ തുടങ്ങിയവർ പങ്കെടുത്തു.
ചാവക്കാട്∙ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാൻ നിർദേശം. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.കെ.അക്ബർ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപഴ്സൻ അനീഷ്മ ഷനോജ് എന്നിവർ പ്രസംഗിച്ചു.
ചാഴൂർ∙ നാട്ടിക നിയോജകമണ്ഡലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സി.സി. മുകുന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര പ്രാധാന്യത്തോടെ ദുരന്തനിവാരണം നടത്തണം. ഇതിന് കാലതാമസം വരുത്താൻ ഇടവരുതെന്നും എംഎൽഎ പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കൽ, ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കൽ, അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചു നീക്കൽ എന്നിവ വേഗത്തിൽ ചെയ്യണം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ താഴെത്തട്ടു മുതൽ ദുരിതം അനുഭവപ്പെടുന്ന മേഖലകളിൽ ജാഗ്രതാസമിതികൾ പ്രവർത്തിക്കണം. പൊലീസ്, അഗ്നിശമന സേന വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തി.