കനത്ത മഴ വകവയ്ക്കാതെ സേവനം നൽകി ബിഎസ്എൻഎൽ, കെഎസ്ഇബി ജീവനക്കാർ.

Mail This Article
തൃശൂർ ∙കനത്ത മഴ വകവയ്ക്കാതെ സേവനം നൽകി ബിഎസ്എൻഎൽ, കെഎസ്ഇബി ജീവനക്കാർ. ആവശ്യത്തിനു ജീവനക്കാർ ഇല്ല എന്നതാണു കെഎസ്ഇബി ജീവനക്കാർ നേരിടുന്ന പ്രതിസന്ധി. മുൻപ് ഒരു ഓഫിസിൽ 20 ലൈൻമാൻമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എട്ടോ ഒൻപതോ പേരാണുള്ളത്. എന്നാൽ മുൻപത്തേക്കാൾ ഉപഭോക്താക്കളും പോസ്റ്റുകളുടെ എണ്ണവും വർധിച്ചു. ഒരു ഫീഡറിൽ 50 ട്രാൻസ്ഫോമറുകൾ ഉണ്ടാവും. മഴക്കാലത്തു ദിവസം നൂറിലേറെ പരാതികളാണ് ഓഫിസുകളിലെത്താറുള്ളത്.
ജീവനക്കാരുടെ മൊബൈൽ വഴി ലഭിക്കുന്ന പരാതികൾ വേറെ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പട്ടിക്കാട് കെഎസ്ഇബി ഓഫിസിനു കീഴിലെ നൂറ്റൻപതിലേറെ പോസ്റ്റുകളാണു മാറ്റി സ്ഥാപിച്ചത്. ഒരു പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനു മാത്രം 3 മണിക്കൂർ എടുക്കും.കണക്ടറ്റിവിറ്റി നഷ്ടപ്പെട്ട വടക്കാഞ്ചേരി എക്സ്ചേഞ്ചിനു കീഴിലെ 80 ബിഎസ്എൻഎൽ ടവറുകളുടെ കവറേജ് പുനഃസ്ഥാപിച്ചത് ബിഎസ്എൻഎൽ ജീവനക്കാർ മണിക്കൂറുകൾ ജോലി ചെയ്ത്.