തൃശൂർ–കുന്നംകുളം റോഡിൽ ഗതാഗത നിരോധനം

Mail This Article
തൃശൂർ ∙ കനത്ത മഴയിൽ വെള്ളക്കെട്ട് ഒഴിയാത്തതിനെത്തുടർന്നു തൃശൂർ–കുന്നംകുളം സംസ്ഥാനപാതയിൽ ഗതാഗത നിരോധനം തുടരും. കുന്നംകുളം, കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ തൃശൂർ–വാടാനപ്പള്ളി തീരദേശ പാത വഴിയാണു സർവീസ് നടത്തുന്നത്.തൂവാനൂർ–പാറന്നൂർ മുതൽ ചൂണ്ടൽപ്പാറ വരെ ഒരു കിലോമീറ്ററിലാണ് പ്രധാനമായും ഗതാഗതതടസ്സം. ഇവിടെ റോഡരികിലെ പാടം കവിഞ്ഞു കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കു ലോറികൾ ഈ ഭാഗത്തു റോഡരികിൽ നിർത്തിയിട്ടിരിക്കുകയാണ്.
കേച്ചേരി, ചൂണ്ടൽ, പുഴയ്ക്കൽ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയത് ഒഴിഞ്ഞു തുടങ്ങിയെങ്കിലും മഴ തുടരുന്നതിനാൽ വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ട്. ഇതോടൊപ്പം ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴ്ന്നു, കുഴികളിൽ വലിയ വെള്ളക്കെട്ടായി. തൃശൂർ–അമല–പറപ്പൂർ–പാവറട്ടി പാതയിൽ ചെറു വാഹനങ്ങളുടെ ഗതാഗതം പൂർണമായും വിലക്കി. സർവീസ് ബസുകൾ മാത്രമാണു കടത്തിവിടുന്നത്. .
കുന്നംകുളത്തേക്ക് പോകാൻ
തൃശൂരിൽനിന്നു കുന്നംകുളം ഭാഗത്തേക്കു കൈപ്പറമ്പിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞു എടക്കളത്തൂർ വഴി ആളൂർ–ചൂണ്ടലിലെത്തി യാത്ര തുടരാം. ഈ വഴിയിൽ തടസ്സങ്ങളില്ല. തൃശൂർ–കാഞ്ഞാണി–വാടാനപ്പള്ളി സെന്റർ–ചാവക്കാട് വഴിയും കുന്നംകുളത്ത് എത്താം. ഇതേ വഴിയിലൂടെ എതിർദിശയിലും സഞ്ചരിക്കാം.
കോഴിക്കോട്ടേക്ക് പോകാൻ
നിർമാണം പുരോഗമിക്കുന്ന തീരദേശ ദേശീയപാതയിലൂടെ (എൻഎച്ച് 66) കോഴിക്കോട്ടേക്കു പോകാം. തൃശൂർ–പടിഞ്ഞാറേക്കോട്ട–കാഞ്ഞാണി–വാടാനപ്പള്ളി സെന്ററിലെത്തി തീരദേശ പാതയിലൂടെ യാത്ര തുടരാം. തിരികെ ഇതേ പാതയിലൂടെ തൃശൂരിലേക്കും എറണാകുളത്തേക്കും പോകാം.
ബസ് സർവീസ്
മഴക്കെടുതിയിൽ യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസുകൾ കുറച്ചു. തൃശൂർ–കുന്നംകുളം റൂട്ടിൽ ഉൾപ്പെടെ ജില്ലയിൽ വിവിധ ഭാഗങ്ങളിലേക്കുള്ള 30% സർവീസുകളാണ് വെട്ടിക്കുറച്ചത്. കുന്നംകുളം ഭാഗത്തേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കൈപ്പറമ്പ്–ആളൂർ വഴിയാണു പോകുന്നത്.
7 ദിവസത്തിനകം റോഡ് നന്നാക്കാൻ ഉത്തരവ്
തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ച് ദുരന്ത സാധ്യത ഒഴിവാക്കാനും റോഡ് സഞ്ചാരയോഗ്യമാക്കി 7 ദിവസത്തിനകം നേരിട്ടു റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടറുടെ ഉത്തരവ്. അല്ലാത്തപക്ഷം കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി) എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെ ദുരന്തനിവാരണ നിയമം അധ്യായം 10 പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.