വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യത; പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി

Mail This Article
വടക്കാഞ്ചേരി ∙ നഗരസഭയുടെ 16-ാം വാർഡിൽ പെട്ട മാരാത്തുകുന്ന് അകമലക്കുന്നിൽ ഉരുൾപൊട്ടലിനോ വൻ മണ്ണിടിച്ചിലിനോ സാധ്യതയെന്ന് സ്ഥലം പരിശോധിച്ച വിദഗ്ധ സംഘം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജില്ലാ ഓഫിസർ ഡോ.എ.കെ.മനോജ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ ബിന്ദു മേനോൻ, ഭൂഗർഭ ജല വകുപ്പ് ജില്ലാ ഓഫിസർ ഡോ.എൻ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധിച്ചത്. മൂന്നിടത്ത് നേരിയ മണ്ണിടിച്ചിലും പലയിടങ്ങളിൽ വിള്ളലും കണ്ട സ്ഥലങ്ങൾ കലക്ടറുടെ നിർദേശാനുസരണം പരിശോധിക്കുകയായിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ വൻതോതിൽ മണ്ണിൽ മഴവെള്ളം സംഭരിക്കപ്പെട്ടിട്ടുണ്ട്. തോട്ടത്തിലുള്ള അശാസ്ത്രീയ മഴക്കുഴികളും കിണറുകളും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. 39 ഡിഗ്രി ചെരിഞ്ഞാണു തോട്ടം. 22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള കുന്നുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നു. അകമലക്കുന്നിൽ ഭൂമിയുടെ ഉപരിതലത്തിലെ മണ്ണ് കട്ടിയുള്ളതും അടിത്തട്ടിലെ മണ്ണ് കട്ടികുറഞ്ഞതുമാണ്. പ്രദേശത്തു മൂന്നിടത്ത് മണ്ണിടിച്ചിലും വിള്ളലും ഉണ്ടായത് അപകടസൂചനയായി കണക്കാക്കേണ്ടിവരും.
അതീവ ജാഗ്രത വേണമെന്നതിനാൽ പ്രദേശവാസികളെ മഴക്കാലം കഴിയുന്നതുവരെയെങ്കിലും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതാണു നല്ലതെന്നു ഡോ.മനോജ് പറഞ്ഞു. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വാർഡ് കൗൺസിലർ ബുഷ്റ റഷീദ്, തലപ്പിള്ളി തഹസിൽദാർ എം.സി.അനുപമൻ, നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ.അൻസാർ അഹമ്മദ് എന്നിവരും വിദഗ്ധ സംഘത്തെ അനുഗമിച്ചിരുന്നു.

പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി
വടക്കാഞ്ചേരി ∙ അകമലയിൽ മണ്ണിടിച്ചിലും ഭൂമിയിൽ വിള്ളലുമുണ്ടായ സ്ഥലത്തുനിന്നു പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. അപകട സാധ്യതാ മേഖലയിൽ നൂറിലേറെ വീടുകളുണ്ട്. അതിൽ 25 വീട്ടുകാരെ ബുധൻ രാത്രി തന്നെ നഗരസഭയുടെ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരുന്നു. ഇന്നലെ വിദഗ്ധസംഘം സ്ഥലത്തു പരിശോധന നടത്തിയതിനു പിന്നാലെ പ്രദേശവാസികളോടു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ ഉച്ചഭാഷിണിയിലൂടെ നഗരസഭ അറിയിപ്പു നൽകി.
അൻപതോളം വീട്ടുകാർ ഇന്നലെ വൈകിട്ടോടെ ബന്ധു വീടുകളിലേക്കോ ക്യാംപിലേക്കോ മാറിയെന്നു നഗരസഭാധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ പറഞ്ഞു. കുന്നത്തുവളപ്പിൽ ലളിതയുടെ വീടിന്റെ പിൻഭാഗത്താണ് ഏറ്റവും വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. തെക്കേപ്പുറത്ത് സതീഷിന്റെ വീട്ടുമുറ്റം ഭാഗികമായി ഇടിയുകയും പലയിടത്തും ഭൂമിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. വൻ മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടിയ റബ്ബർ തോട്ടത്തിനു സമീപത്തെ എടപ്പിള്ളിക്കുന്നത്ത് കമലുവിന്റെ വീട്ടിലും വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.