അൽപം ആശ്വാസം, വെള്ളം ഇറങ്ങുന്നു; ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് പലരും വീടുകളിലേക്ക്
Mail This Article
കോലഴി∙ മഴയുടെ ശക്തി കുറയുകയും വീടുകളിൽ കയറിയ വെള്ളം പിൻവാങ്ങുകയും ചെയ്തതോടെ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്നവർ പലരും വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി.ഇവിടെ ക്യാംപിന്റെ പ്രവർത്തനം പഞ്ചായത്ത് അവസാനിപ്പിച്ചു. പാമ്പൂർ എൽപി സ്കൂളിൽ കഴിയുന്നവർ മടങ്ങുന്നതിനു താമസമുണ്ടാകും. ഈ മേഖലയിൽ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. അവണൂർ∙ പഞ്ചായത്തിൽ വരടിയം ഗവ. യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ ഇന്ന് രാവിലെ 10ന് വീടുകളിലേക്ക് മടങ്ങും. ഇവിടെ വീടുകളിലെ ശുചീകരണ ജോലികൾ ഇന്നലെ പൂർത്തിയായി. പഞ്ചായത്ത് നിയോഗിച്ച സന്നദ്ധ പ്രവർത്തകരാണ് ശുചീകരണം നടത്തിയത്.
മുളങ്കുന്നത്തുകാവ്∙ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരിൽ 4 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. അവശേഷിക്കുന്ന 8 കുടുംബങ്ങളുടെ തിരിച്ചു പോക്ക് വൈകും.
വിയ്യൂർ∙ കോർപറേഷൻ വിയ്യൂർ സെന്റ് ഫ്രാൻസിസ് സ്കൂളിലും ദേവമാതാ സ്കൂളിലും തുറന്ന ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. വൈകിട്ടോടെ ക്യാംപുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.
അളഗപ്പനഗർ ∙ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ആമ്പല്ലൂരിൽ വെള്ളം കയറി വരന്തരപ്പിള്ളി റോഡിൽ ഗതാഗതം മുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതൽ വലിയ വാഹനങ്ങൾ ഓടിത്തുടങ്ങി. വൈകിട്ടോടെ ആമ്പല്ലൂർ കമ്യൂണിറ്റി ഹാൾ പരിസരത്തെ വെള്ളവും ഇറങ്ങി. രാത്രിയോടെ ഗതാഗതം പൂർവസ്ഥിതിയിലായി.
അളഗപ്പനഗർ പഞ്ചായത്ത് എച്ച്എസ്എസിൽ മാത്രമാണ് പഞ്ചായത്തിൽ നിലവിൽ ക്യാംപുള്ളത്. 172 പേർ.
വരന്തരപ്പിള്ളി ∙ കുറുമാലി പുഴയുടെ ജലനിരപ്പ് സ്വാധീനിക്കുന്ന പഞ്ചായത്ത് പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശമനമായി. നന്തിപുലം, ഇഞ്ചക്കുണ്ട്, വരന്തരപ്പിള്ളി, കുട്ടോലിപ്പാടം എന്നിവിടങ്ങളിലായിരുന്നു വെള്ളക്കെട്ട് ഉണ്ടായത്. കൽക്കുഴി പുലരി അങ്കണവാടിയിലെ ക്യാംപിൽ 7 പേരും വരന്തരപ്പിള്ളി സെന്റ് ജോൺ ബോസ്‌കോ സ്‌കൂളിലെ ക്യാംപിൽ 19 പേരും നന്തിപുലം ഗവ. സ്‌കൂളിൽ 3 പേരും മാത്രമാണ് ക്യാംപുകളിൽ തുടരുന്നത്.
നിവേദനം നൽകി
തൃശൂർ ∙ പീച്ചി ഡാമിന്റെ ഷട്ടറുകൾ ക്രമാതീതമായി തുറന്നതിനെപ്പറ്റി അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ ജലസേചന കനാലുകളിലേക്കുള്ള വാൽവുകൾ അന്നു തുറന്നിരുന്നോ എന്നതു കൂടി സബ് കലക്ടർ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് എൻസിപി (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ നിവേദനം നൽകി. ഇത്രയും കൂടിയ അളവിൽ ഷട്ടറുകൾ ഉയർത്തേണ്ടിവന്നത് എന്തുകൊണ്ടാണെന്നും അതിൽ എന്തെങ്കിലും അപാകതകളോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനു സബ് കലക്ടർ മുഹമ്മദ് ഷഫീക്കിനെ കലക്ടർ അർജുൻ പാണ്ഡ്യൻ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. പീച്ചിയിലെ ഷട്ടറുകളുമായി നേരിട്ടു ബന്ധമില്ലാത്ത നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ, 2018ലെ പ്രളയത്തോട് കിടപിടിക്കുന്ന വെള്ളക്കെട്ട് ഉണ്ടായതെങ്ങനെയെന്നുകൂടി കണ്ടെത്തണമെന്നാണ് ആവശ്യം.
തൃശൂർ ∙ പീച്ചി ഡാം അനിയന്ത്രിതമായി തുറന്നപ്പോൾ നടത്തറ പുത്തൂർ പഞ്ചായത്തുകളിലെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം ഏഴാലിത്തോട് നികത്തപ്പെട്ടതും കൈനൂർചിറ നവീകരിക്കാത്തതുമാണെന്നാരോപിച്ചും ഉടൻ ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ടും സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ റവന്യു മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി. മണലിപ്പുഴയുടെ വീതി കണക്കിലെടുത്ത് ഇത് നവീകരിച്ചിരുന്നെങ്കിൽ വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകുമായിരുന്നില്ല. ഏഴാലിത്തോടിന് ഭിത്തികൾ കെട്ടി സംരക്ഷിച്ച് കുരുടൻചിറ മുതൽ പുത്തൂർ പാലത്തിനു സമീപം വരെ അധികവെള്ളത്തെ കൊണ്ടുവന്ന് പുത്തൂർ പുഴയിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. കൈനൂർചിറ കാര്യക്ഷമമായിരുന്നെങ്കിൽ ഇരവിമംഗലം, മൂർക്കനിക്കര പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും നാശനഷ്ടവും കുറയ്ക്കാമായിരുന്നെന്നും പറയുന്നു.
തീരാതെ ദുരിതം
ആമ്പല്ലൂർ ∙ മണലിപ്പുഴയിൽ പീച്ചിയിൽ നിന്നുള്ള വെള്ളത്തിന്റെ അളവു കുറഞ്ഞെങ്കിലും നെന്മണിക്കര പഞ്ചായത്ത് പരിധിയിൽ ദുരിതം തീർന്നിട്ടില്ല. ആയിരത്തോളം വീടുകളെ വെള്ളക്കെട്ട് ബാധിച്ചു. 1388 പേർ ക്യാംപുകളിൽ തുടരുകയാണ്. 3 വാർഡുകളൊഴികെ മറ്റെല്ലാ വാർഡുകളിലും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്. തലവണിക്കര, പുലക്കാട്ടുകര, പാലിയേക്കര എന്നിവിടങ്ങളിൽ വലിയതോതിൽ പ്രളയം ബാധിച്ചു. നിലവിൽ 4 ക്യാംപുകളാണ് ഉള്ളത്. തലോർ ലിറ്റിൽ ഫ്ലവർ സ്‌കൂൾ, നെന്മണിക്കര എംകെഎം സ്‌കൂൾ, ചെറുവാൾ ജനത ലോവർ പ്രൈമറി സ്‌കൂൾ, പാഴായി ആർകെഎൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്്.
പുതുക്കാട് ∙ പഞ്ചായത്തിൽ കേളിപ്പാടം, തെക്കേതൊറവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ട്. ഈ പ്രദേശങ്ങളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സെന്റ് സേവ്യേഴ്സ് സ്‌കൂളിലും തെക്കേ തൊറവ് പള്ളി ഹാളിലുമായി നാനൂറോളം പേരാണ് ക്യാംപിലുള്ളത്.
ചേർപ്പ് ∙ ചാഴൂർ പഞ്ചായത്തുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത് നൂറുകണക്കിന് ആളുകൾ. ഗവ.വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാംപിൽ 30 പേർ നിലവിൽ താമസിക്കുന്നുണ്ട്. ചാഴൂർ പഞ്ചായത്തിലെ കുറുമ്പിലാവ് വില്ലേജിൽ ഗവ.എൽപി സ്കൂളിൽ ആരംഭിച്ച ക്യാംപിൽ നൂറ്റിയിരുപതോളം പേർ ഇപ്പോൾ താമസിക്കുന്നുക്യാംപിലേക്ക് താമസിക്കുവാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിൽ ജലനിരപ്പ് കൂടി വരികയാണ്. ഇവിടെ നിന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നുണ്ട്. ക്യാംപിൽ എത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളുും തയാറാണെന്നു അധികൃതർ പറഞ്ഞു.
തൃക്കൂർ ∙ പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. കോനിക്കര, തൃക്കൂർ പാലം, ഞെള്ളൂർ, കുണ്ടനിക്കടവ്, തുരുത്തിക്കാട്, പള്ളം എന്നീ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇന്നലെയും വെള്ളക്കെട്ടാണ്.കല്ലൂർ പാടംവഴിയില വെള്ളം ഇറങ്ങിയതോടെ െ ഗതാഗത തടസ്സം മാറി. കല്ലൂർ പാലയ്ക്കപറമ്പ് വിഎൽപി സ്‌കൂളിലെയും തൃക്കൂർ സർവോദയ ഹൈസ്‌കൂളിലെയും ക്യാംപുകളിലായി 160 പേർ തുടരുകയാണ്.
ക്യാംപ് അവസാനിപ്പിക്കാൻ നിർദേശം; സംഘർഷം
ഒല്ലൂർ∙ പനംകുറ്റിച്ചിറ സ്കൂളിലെ ക്യാംപ് അവസാനിപ്പിക്കണമെന്ന നിർദേശം നേരിയ സംഘർഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് 4നാണ് വില്ലേജ് ഓഫിസർ എത്തി ക്യാംപ് വെള്ളിയാഴ്ച അവസാനിപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം അറിയിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കെ പെട്ടെന്ന് വീടുകളിലേക്ക് പോകണമെന്ന് പറഞ്ഞതു സംഘർഷത്തിനിടയാക്കുകയായിരുന്നു. ഡിവിഷൻ കൗൺസിലർ കരോളിൻ ജെറീഷാണ് ആദ്യം നിർദേശത്തെ എതിർത്തത്. ഇവർക്ക് പിന്തുണയുമായി കോൺഗ്രസ്, ബിജെപി പ്രവർത്തകരുമെത്തി. കോൺഗ്രസ് നേതാക്കളായ ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.ഗോപാലകൃഷ്ണൻ, റിസൺ വർഗീസ്, ഡേവിസ് ചക്കാലക്കൽ എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഒടുവിൽ തഹസിൽദാർ സ്ഥലത്തെത്തി ക്യാംപ് മാറ്റില്ലെന്നു അറിയിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്.