കൊടുങ്ങല്ലൂർ പൊലീസ് കൺട്രോൾ റൂം; 4 വാഹനങ്ങൾ കട്ടപ്പുറത്ത്

Mail This Article
കൊടുങ്ങല്ലൂർ∙തീരദേശത്തെ സംഘർഷാവസ്ഥയും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളും നിയന്ത്രിക്കാൻ കൊടുങ്ങല്ലൂർ ആസ്ഥാനമായി തുടങ്ങിയ പൊലീസ് കൺട്രോൾ റൂമിലെ 6 വാഹനങ്ങളിൽ നാലും കട്ടപ്പുറത്ത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ പട്രോളിങ് നിലച്ചു. ഓടിത്തളർന്ന ഏക വാഹനമാണ് ഇപ്പോൾ പട്രോളിങ്ങിനുള്ളത്. 2015 മേയ് 7 നാണ് കൺട്രോൾ റൂം തുടങ്ങിയപ്പോൾ അനുവദിച്ച 5 വാഹനങ്ങളിൽ കൊടുങ്ങല്ലൂർ, മതിലകം, കയ്പമംഗലം, വലപ്പാട്, വാടാനപ്പള്ളി എന്നീ സ്റ്റേഷൻ പരിധിയിൽ ശക്തമായ പട്രോളിങ് നടത്തിയിരുന്നു. എന്നാൽ, ഇന്നിത് പേരിനു പോലുമില്ല. മൂന്നര ലക്ഷം കിലോമീറ്റർ ഓടിയ വാഹനങ്ങളാണ് കട്ടപ്പുറത്ത് ആയത്.
തീരദേശത്തെ പട്രോളിങിനും അപകട സ്ഥലങ്ങളിൽ പാഞ്ഞെത്തുന്നതിനും വാഹനങ്ങൾ ഇല്ലാതെ വലയുകയാണ് ഉദ്യോഗസ്ഥ സംഘം. നിലവിൽ 7 വാഹനങ്ങളിൽ ഒന്ന് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഓഫിസ് ആവശ്യത്തിന് ഉപയോഗിക്കുകയാണ്. മറ്റു പഴഞ്ചൻ വാഹനങ്ങളാണ് ഇവിടെയുള്ളത്. ഇതുതന്നെ പൊലീസുകാർ തള്ളേണ്ട ഗതികേടിലും. പുതിയ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ – സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് പോയിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചില്ല.
ആവശ്യത്തിനു പൊലീസുകാർ ഇല്ലാത്തതിനാൽ കൺട്രോൾ റൂം ആളില്ലാ റൂം ആയി മാറി. എസ്ഐ മാർ ഉൾപ്പെടെ 63 പേർ വേണ്ടിടത്ത് 36 പേർ മാത്രമേയുള്ളു. ഇതിൽ 18 പേരെ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്.18 പേരുടെ സേവനം മാത്രമേ കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നുള്ളൂ.തീരദേശത്ത് അടിക്കടി നടക്കുന്ന മോഷണങ്ങളും ചെറുസംഘട്ടനങ്ങളും എല്ലാം തടയാൻ ശക്തമായ പൊലീസ് പട്രോളിങ് ആവശ്യമാണ്. ഇതിനു വേണ്ടി സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാണ് ജനകീയ ആവശ്യം.