ADVERTISEMENT

മാള ∙ യഹൂദ പാരമ്പര്യത്തിന്റെ ശേഷിപ്പായ സിനഗോഗ് എന്ന ജൂതപ്പള്ളി പുതുക്കി നിർമിച്ചതിന്റെ 115-ാം വാർഷികം 2ന്. ‘1909 ആവ് 15ന് (1084 കർക്കടകം 18)’ ആണു നവീകരിച്ചതെന്നു പള്ളിയുടെ അകത്ത് മലയാളത്തിലും ഹീബ്രു ഭാഷയിലും എഴുതി വച്ചിട്ടുണ്ട്. ഹീബ്രുവിൽ ആവ് എന്നാൽ ഇംഗ്ലിഷ് കലണ്ടറിലെ ഓഗസ്റ്റാണ്. ഹീബ്രുവിലെ 28 ദിവസ കലണ്ടർ പ്രകാരം ആവ് 15 എന്നത് ഇംഗ്ലിഷ് കലണ്ടറിലെ ഓഗസ്റ്റ് 2 ആണെന്നും ഗവേഷകർ കണ്ടെത്തി. മാള സിനഗോഗ് ഇന്ന് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ്. മാളയിലെ യഹൂദ സാന്നിധ്യത്തിന് ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യമുണ്ട്. സിനഗോഗ് പലവട്ടം നിർമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്തതായി കരുതുന്നു.

ആദ്യമായി എഡി 10-ാം നൂറ്റാണ്ടിൽ നിർമിച്ച ജൂതപ്പള്ളി കാലക്രമേണ ജീർണിച്ചതോടെ 1790ൽ പുതിയ പള്ളി നിർമിച്ചതായും അതിന്റെ അടിത്തറ മേലാണ് നവീകരിച്ച പള്ളി നിർമിച്ചതെന്നും സിനഗോഗിലെ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ രാജാവായിരുന്ന ഭാസ്കര രവിവർമൻ ആദ്യമായെത്തിയ യഹൂദർക്കു സൗകര്യങ്ങളൊരുക്കിയതായും ജൂതപ്പള്ളി നിർമിക്കാനുള്ള തടി നൽകിയതായും പറയപ്പെടുന്നു. അൻപതിലേറെ ജൂത കുടുംബങ്ങൾ മാളയിൽ താമസിച്ചിരുന്നു.

 മാള സിനഗോഗ്.
മാള സിനഗോഗ്.

1948ൽ ഇസ്രയേൽ രാജ്യം നിലവിൽ വന്നതോടെ വിവിധ രാജ്യങ്ങളിൽ കുടിയേറിയ യഹൂദ കുടുംബങ്ങളുടെ പിൻഗാമികൾക്കൊപ്പം മാളയിലുള്ളവരും മടങ്ങി. 1955ലാണ് അവസാന കുടുംബവും ഇസ്രയേലിലേക്കു പോയത്. മടങ്ങുന്നതിനു മുൻപായി സിനഗോഗും ജൂത സെമിത്തേരിയും സംരക്ഷിക്കണമെന്ന് വ്യക്തമായ കരാർ വ്യവസ്ഥകളോടെ പഞ്ചായത്തിനു കൈമാറുകയും ചെയ്തിരുന്നു. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയോരത്താണ് ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്. 2017ൽ പുരാവസ്തു വകുപ്പ് ജൂതപ്പള്ളിയും സെമിത്തേരിയും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുകയും അതേ വർഷം തന്നെ മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

2020 ഒക്ടോബറിൽ ഇരു സ്മാരകങ്ങളിലും നടപ്പാക്കേണ്ട സംരക്ഷണ നവീകരണ പദ്ധതികളെക്കുറിച്ച് പഞ്ചായത്തും മുസിരിസും പൈതൃക പദ്ധതി അധികൃതരും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2021ൽ റോഡിൽ നിന്ന് പള്ളിയിലേക്ക് പ്രവേശന കവാടം പുനഃസ്ഥാപിക്കുന്നതിനായി പള്ളിയുടെ മുൻവശത്തെ സ്ഥലം സർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ മുൻപിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ നീക്കം ചെയ്തതോടയാണ് ഇപ്പോഴത്തെ നിലയിൽ ജൂതപ്പള്ളിയും പരിസരവും മാറിയത്. ഫെൻസിങ്, ലാൻഡ് സ്കേപിങ്, മ്യൂസിയം എന്നിവയും ഇവിടെ ഒരുക്കുന്നു.

English Summary:

Mala Synagogue's 115th Anniversary: Preserving Jewish Heritage in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com