ക്യാംപുകൾ വിട്ട് വീടുകളിലേക്ക്; ജലനിരപ്പ് താഴ്ന്നത് ജനത്തിന് ആശ്വാസമായി

Mail This Article
മാള ∙പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ പഞ്ചായത്തുകൾ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് നാട്ടുകാർ വീടുകളിലേക്ക് മടങ്ങി. അന്നമനട പഞ്ചായത്ത് ആരംഭിച്ച 4 ക്യാംപുകളും ഇന്നലെ വൈകിട്ടോടെ താൽക്കാലികമായി അവസാനിപ്പിച്ചതായി പ്രസിഡന്റ് പി.വി.വിനോദ് അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് മുൻ കരുതലിന്റെ ഭാഗമായാണ് ക്യാംപുകൾ ആരംഭിച്ചിരുന്നത്. കുഴൂർ പഞ്ചായത്തിലെ 2 ക്യാംപുകളിൽ ആളുകളുടെ എണ്ണം കുറഞ്ഞു. വീടുകളിലേക്കും സുരക്ഷിതമായ മേഖലയിലെ ബന്ധുഗൃഹങ്ങളിലേക്കുമാണ് പലരും ക്യാംപ് വിട്ടുപോയിരിക്കുന്നത്. എന്നാൽ ഇരു പഞ്ചായത്തുകളും ഇപ്പോഴും ജാഗ്രതയിലാണ്. അവശ്യഘട്ടങ്ങളിൽ ക്യാംപുകൾ പുന:രാരംഭിക്കുവാനാണ് ഇവരുടെ തീരുമാനം. സന്നദ്ധ സംഘടനകൾ എത്തിച്ച ഭക്ഷണ സാമഗ്രികൾ ക്യാംപുകളിലെ ആവശ്യങ്ങളിലേക്കായി നീക്കി വച്ചിരിക്കുകയാണ്.
ശുചിയാക്കാൻ സഹായവുമായി വൈസ്മെൻ
ചാലക്കുടി ∙ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയ കൂടപ്പുഴ കുട്ടാടംപാടത്തെ നിവാസികൾക്കു വീട് ശുചീകരിക്കാനായി അവശ്യവസ്തുക്കൾ എത്തിച്ചു വൈസ്മെൻ ഇന്റർനാഷനൽ ക്ലബ്്. പ്രസിഡന്റ് മെന്റസ് കണ്ണൂക്കാടൻ, നഗരസഭ വാർഡ് കൗൺസിലർ സൂസി സുനിലിന് കൈമാറി. ക്ലബ് സെക്രട്ടറി എ.കെ.ജോൺ, കലാഭവൻ ജയൻ, ബൈജു ജോർജ്, വി.ആർ.ബാബു, ജോയ് കരിപ്പായി, സുരേഷ് പവിത്രം, ആന്റോ പൂങ്കാരൻ, ഡാനി ഫ്രാൻസിസ്, മനോജ് ചാലക്കുടി എന്നിവർ പ്രസംഗിച്ചു.
വീടുകൾ വൃത്തിയാക്കാൻ വിദ്യാർഥികൾ
ചാലക്കുടി ∙ പ്രളയബാധയെ തുടർന്ന് വീടുകളിൽ വെള്ളത്തിനൊപ്പം ചെളിയും മറ്റു മാലിന്യങ്ങളും അടിഞ്ഞ വീടുകൾ വീണ്ടും വാസയോഗ്യമാക്കാൻ കൈത്താങ്ങുമായി വിദ്യാർഥികൾ. വിജയരാഘവപുരം ഗവ. സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളാണു റെയിൽവേ ബൈലൈനിനോടു ചേർന്ന വീടുകളിൽ നിന്നു ചെളിയും അഴുക്കും കോരി നീക്കിയും കഴുകിയും ശുചീകരണ പ്രവർത്തനം നടത്തിയത്. ഇവിടെ വീടുകളിൽ ചുമർ പൊക്കം വരെ വെള്ളം കയറിയിരുന്നു. ബന്ധുവീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാംപുകളിലും താമസിച്ചിരുന്ന
ദേവസി ആലപ്പാട്ട്, അസ്സനാർ തറയിൽ എന്നിവരുടെ വീടുകളാണു 10 അംഗ എൻഎസ്എസ് വൊളന്റിയർ സംഘം വീട്ടുകാരോടൊപ്പം വൃത്തിയാക്കിയത്. ശുചീകരണത്തിനു എൻഎസ്എസ് ലീഡർ കെ.എസ്.ആൽവിൻ, ജോഷ്വാ ജോഷി, ക്രിസ്റ്റോ ഫ്രാൻസിസ്, എൽറോയ് ഷാജൻ, സി.എൻ.നവനീത്, എൻ.എസ്.ശ്രീഹരി, പി.എസ്.ശ്രീലക്ഷ്മി, അലീന ഷാജൻ, നിരജ്ഞന സുനിൽകുമാർ എന്നീ വിദ്യാർഥികളോടൊപ്പം എൻഎസ്എസ് കോ ഓർഡിനേറ്റർ വിജീഷ് ലാൽ, പിടിഎ വൈസ് പ്രസിഡന്റ് യു.വി.സുനിൽകുമാർ എന്നിവരും നേതൃത്വം നൽകി.