ശുദ്ധജല ക്ഷാമം; വനിതകൾ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
Mail This Article
മതിലകം∙ രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതത്തിലായ വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തി കടവ് നിവാസികളാണ് മതിലകത്തെ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചത്. ഇന്നലെ അറുപതോളം വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മതിലകത്തെ വാട്ടർ അതോറിറ്റി സെക്‌ഷൻ ഓഫിസിലെത്തിയത്. ഒരു വർഷത്തോളമായി ഈ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലമെത്തിയിട്ട്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഇവിടേക്ക് വെള്ളമെത്തുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണിയാരംഭിച്ചതോടെ ഈ ഭാഗത്തേക്കുള്ള പൈപ്പ് മുറിച്ച് മാറ്റപ്പെട്ടതാണ് വെള്ളമെത്താത്തതിന് കാരണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. ഇത് ശരിയാക്കാൻ വാട്ടർ അതോറിറ്റിയോ, നാഷനൽ ഹൈവേ നിർമിക്കുന്ന ശിവാലയ കമ്പനിയോ തയാറാകാത്തതാണ് പ്രശ്നം. പലതവണ കളക്ടർക്കും വാട്ടർ അതോറിറ്റിക്കും പരാതി നൽകിയിട്ടും നടപടിയെടുക്കാതായതോടെയാണ് നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിലെത്തിയത്.
അസിസ്റ്റന്റ് എൻജിനീയറുടെ മുറിയിൽ സംസാരിക്കാനായി കയറിയ നാട്ടുകാർ ഉദ്യോഗസ്ഥയുമായി തർക്കമാകുമെന്ന് കണ്ടതോടെ മതിലകം എസ്ഐ രമ്യ കാർത്തികേയൻ ഇടപെട്ടു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും ശിവാലയ കമ്പനി അധികൃതരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് എസ്ഐ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു. ഇനിയും ശുദ്ധജലം ലഭിച്ചില്ലെങ്കിൽ ദേശീയപാതയിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് വീട്ടമ്മമാർ പിരിഞ്ഞു പോയത്.