പാറയ്ക്ക് വിള്ളൽ; നാട്ടുകാർക്ക് ആശങ്ക, പാറ പൊളിച്ച് നീക്കണമെന്നാവശ്യം
Mail This Article
പോർക്കുളം∙ കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് സമീപത്തെ വലിയ വെട്ടുക്കൽ പാറയുടെ വിള്ളൽ വർധിച്ചത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. വിള്ളൽ മൂലം പാറ പൊട്ടി വീഴുമെന്ന ആശങ്കയിലാണ് താഴ്‌വാരത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ. നാട്ടുകാരുടെ ആശങ്കയെ പറ്റി ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.സുമേഷ് കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പോർക്കുളം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്താണ് വലിയ വെട്ടുക്കൽ പാറകൾ നിൽക്കുന്നത്.
പാറയ്ക്ക് മുൻപ് ചെറിയ തോതിൽ വിള്ളൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വിള്ളലിന്റെ വ്യാപ്തി കൂടി. പാറയോട് ചേർന്ന് നിൽക്കുന്ന മരങ്ങളുടെ വേരുകൾ വിള്ളലുകളിലേക്ക് ഇറങ്ങിയ നിലയിലാണ്. മുൻപുണ്ടായതിലും അധികം വിള്ളലുണ്ടായിട്ടുണ്ടെന്നും പാറ പൊളിച്ച് നീക്കണമെന്നും സ്ഥലവാസികൾ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അപകടാവസ്ഥയിലായ പാറ പൊട്ടിച്ചു നീക്കണമെന്ന നിഗമനത്തിലാണ്.