തൃശൂർ– കുറ്റിപ്പുറം റോഡ് നവീകരണം: കാത്തിരിക്കണം 6 മാസം കൂടി
Mail This Article
തൃശൂർ ∙ തൃശൂർ– കുറ്റിപ്പുറം റോഡ് നവീകരണം 206.87 കോടി രൂപയുടെ സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണെന്നും ടെൻഡർ എടുത്താൽ 6 മാസം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് കെഎസ്ടിപി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും കലക്ടർ അർജുൻ പാണ്ഡ്യൻ. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി മഴയില്ലെങ്കിൽ ഒരാഴ്ച കൊണ്ടു പൂർത്തിയാകും. നേരത്തെ 29.64 ലക്ഷം അനുവദിച്ചിരുന്ന അറ്റകുറ്റപ്പണിക്ക് ഇപ്പോൾ 30 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്.
59.64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുന്നതിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴ മാറി നിൽക്കുന്ന സമയങ്ങളിൽ മെറ്റൽ ഉപയോഗിച്ച് കുഴി അടയ്ക്കുന്ന പ്രവൃത്തികളും ടാറിങ് പ്രവൃത്തികളും നടക്കുന്നതായി കലക്ടർ അറിയിച്ചു. 206.87 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഓഗസ്റ്റ് 31ന് മുൻപ് ടെൻഡർ ചെയ്യാനാകുമെന്നാണ് കെഎസ്ടിപി അധികൃതർ കലക്ടറെ അറിയിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ റോഡിലെ നിർമാണ പ്രവൃത്തികളും നിരീക്ഷിച്ചുവരികയാണെന്ന് കലക്ടർ പറഞ്ഞു.