വിവാഹത്തിന് ആർഭാടം വേണ്ട; ആ പങ്ക് വയനാട്ടിലെ ദുരിതബാധിതർക്ക്
Mail This Article
മുളയം ∙ മകളുടെ വിവാഹച്ചെലവിൽ നിന്ന് ഒരു പങ്ക് വയനാട്ടിലെ ദുരിതബാധിതർക്കു നൽകി മനോരമ ഏജന്റിന്റെ കുടുംബം. മനോരമ മുളയംപീടികപ്പറമ്പ് ഏജന്റ് കുന്നമ്പത്ത് വീട്ടിൽ സുരേഷിന്റെയും ശ്രീലേഖയുടെയും മകളുടെ വിവാഹത്തിന്റെ ചെലവിനുള്ള തുകയിൽ നിന്ന് 50000 രൂപ മകൾ ആരതിയും പ്രതിശ്രുത വരൻ രാഹുലും ചേർന്നു കലക്ടർ അർജുൻ പാണ്ഡ്യനു കൈമാറി. ഡിസംബർ 8നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 24നു വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
പിതാവ് വിതരണം ചെയ്യുന്ന പത്രങ്ങളിലെ വയനാട്ടിലെ ദുരിതങ്ങളുടെ കാഴ്ചകളാണ് തങ്ങളുടെ ചെറിയ പങ്ക് വയനാട്ടിലെ ദുരിതബാധിതർക്കു നൽകാൻ സുരേഷിന്റെ കുടുംബത്തിനു പ്രചോദനമായത്. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൃഷ്ണകൃപയിൽ രവിയും സുധയുമാണു വരന്റെ മാതാപിതാക്കൾ. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് രജിത്, പഞ്ചായത്ത് അംഗം ജനിത, സുരേഷിന്റെ ഇളയ മകൾ അനാമിക എന്നിവർ ഒപ്പമുണ്ടായിരുന്നു.