അവസാനമായി സുരൻ വന്നു; അഗ്നിയിലേക്ക് മറഞ്ഞു
Mail This Article
പുന്നയൂർക്കുളം ∙ 7 വർഷമായി പുന്നയൂർക്കുളം പഞ്ചായത്ത് ശ്മശാനത്തിലേക്ക് വരുന്ന `അതിഥികളെ` സ്വീകരിക്കാൻ പറഞ്ഞുറപ്പിച്ച സമയത്തിനു മുൻപേ ഒരാൾ ഗേറ്റിൽ കാത്തു നിൽക്കാറുണ്ട്. തങ്ങൾപ്പടി കളത്തിങ്ങൽ സുരൻ. പൊതുപ്രവർത്തകനും ക്രിമറ്റോറിയം ജീവനക്കാരനുമായ സുരനു സമയനിഷ്ഠ പ്രധാനമായിരുന്നു. സുരന്റെ ശീലം അറിയുന്ന വീട്ടുകാരും നാട്ടുകാരും ഇന്നലെ സമയം പാലിച്ച് ശ്മശാനത്തിലെത്തി. നൂറുകണക്കിനു മനുഷ്യരെ നിർവികാരതയോടെ അഗ്നിക്ക് സമർപ്പിച്ച സുരനും അതേ ട്രോളിയിൽ കിടന്നു. 4 മാസം മുൻപു വരെ തന്റെ കൈപ്പാടുകൾ മാത്രം പതിഞ്ഞ ട്രോളിയിൽ നിന്ന് തീ കുണ്ഠത്തിലേക്ക് മറഞ്ഞു, സുരൻ അഗ്നിയിൽ ലയിച്ചു.കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയാണ് സുരൻ (42) മരിച്ചത്. മകൻ റൈഷാൽ കൃഷ്ണ (18) യാണ് കരൾ നൽകിയത്.
നാട്ടുകാർ സമിതി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. സുരനുവേണ്ടി വാട്‌സാപ് ഗ്രൂപ്പും സജീവമായിരുന്നു. പഞ്ചായത്ത് മെംബറും കമ്മിറ്റി ട്രഷററുമായ കെ.എച്ച്.ആബിദ് വിവരങ്ങൾ യഥാസമയം പോസ്റ്റ് ചെയ്തിരുന്നു. 2 ആഴ്ച മുൻപ് സുരൻ ഉൻമേഷവാനായി സംസാരിക്കുന്ന വിഡിയോ ആഹ്ലാദത്തോടെയാണ് നാട്ടുകാർ കണ്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായ സുരൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്നതായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണെന്നും സമിതി കോ-ഓഡിനേറ്റർ എ.ഡി.ധനീപ് പറഞ്ഞു. ശ്മശാനം തുടങ്ങിയ കാലം മുതൽ സുരന്റെ സഹായി ആയിരുന്ന വഴങ്ങിൽ വേലായുധനും ശ്മശാനത്തിലെ സങ്കട കാഴ്ചയായി. കൈ വിറക്കാതെ ചുടല കത്തിച്ചിരുന്ന വേലായുധൻ ഇന്നലെ പക്ഷേ, സംസ്‌കാര മുറിയിലേക്ക് കയറിയില്ല. പകരം പഴഞ്ഞി സ്വദേശി കാർത്തികേയനാണ് ക്രിമറ്റോറിയം പ്രവർത്തിപ്പിച്ചത്.