ദേവാംഗരുടെ കലവറ തേടി മലയാളികൾ എത്തിത്തുടങ്ങി; ആഘോഷ വേളകൾ ‘കളറാകും’

Mail This Article
കുത്താമ്പുള്ളി ∙ കൈത്തറി ഗ്രാമത്തിലെ വസ്ത്രശാലകളിൽ ഓണത്തിരക്കേറി. സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുള്ളവർ ഓണക്കാലത്ത് അണിയാനുള്ള കസവിനങ്ങൾ തേടി ദേവാംഗരുടെ കലവറകളിൽ എത്തുന്നുണ്ട്. വിലയിൽ കുറവുള്ള പവർലൂം ഇനങ്ങളിലെ എല്ലാത്തരം വസ്ത്രങ്ങളും വിലയും മേന്മയും കൂടിയ കൈത്തറി ഇനങ്ങളും ദേവാംഗർ ഓണക്കാലത്തിനു പകിട്ടേകാനായി കരുതി വച്ചിട്ടുണ്ട്. കേരളത്തിലെ വലുതും ചെറുതുമായ കടകളിൽ തുണിത്തരങ്ങളുടെ മൊത്ത വ്യാപാരം മാത്രം നടത്തിയിരുന്ന ദേവാംഗർ നാട്ടിലെ കടകൾ വിപുലമാക്കിയതോടെ ഉത്സവകാലങ്ങളിലും വിവാഹവേളകളിലും ഇവിടെ എത്തുന്നവർ ഏറെയാണ്.
നൂറുകണക്കിനു കടകളിലെ തുണിത്തരങ്ങളിൽ നിന്ന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെന്നതും വിലക്കുറവോടെ ലഭ്യമാകുമെന്നതുമാണു വസ്ത്ര പ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കസവു ചാർത്തിയ സെറ്റു സാരിയും വേഷ്ടിയുമൊക്കെയാണ് ഓണക്കാലത്തു പ്രിയതരമെങ്കിലും ആഘോഷ വേളകൾ ‘കളറാ’ക്കുന്നവർക്കു വേണ്ടതെല്ലാം ദേവാംഗരുടെ കലവറകളിൽ സുലഭമാണ്.
ഭാഗികമായി കളർ മുക്കിയ ‘ഡൈ ആൻഡ് ഡൈ’ ഇനങ്ങളും അജ്റക് അരികു ചാർത്തിയ ഇനങ്ങളുമാണ് ഇത്തവണത്തെ ഓണ ട്രെൻഡ്. ഇവയിലെ ദാവണി, സെറ്റ് സാരി, ചുരിദാർ മെറ്റീരിയൽ, വേഷ്ടി എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. അജ്റക്കിന്റെ ഷർട്ടും കസവു കരയ്ക്കൊപ്പം അജ്റക് പിടിപ്പിച്ച മുണ്ടുമാണു പുരുഷൻമാർ തിരഞ്ഞെടുക്കുന്നത്. കൈത്തറി വസ്ത്രങ്ങൾ മാത്രം വേണ്ടവർ കുത്താമ്പുള്ളി നെയ്ത്തു വ്യവസായ സഹകരണ സംഘം, എരവത്തൊടി നെയ്ത്തു സഹകരണ സംഘം, തിരുവില്വാമല നെയ്ത്തു സഹകരണ സംഘം എന്നിവിടങ്ങളിൽ എത്തിയാൽ മതി. മേഖലയിലെ നെയ്ത്തുകാർ ഉൽപാദിപ്പിച്ച വസ്ത്രങ്ങൾ സംഘങ്ങളിൽ സർക്കാർ റിബേറ്റോടെ ലഭ്യമാകും.