കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 15–ാം വാർഷികം; ആ വലിയ നന്മയ്ക്ക് 15 വയസ്സ്
Mail This Article
തൃശൂർ ∙ ജീവിതത്തിനു പൂർണവിരാമം ഇടാൻ സമയമായെന്നു ഗോപിനാഥ് എന്ന നാൽപത്തിമൂന്നുകാരനു തോന്നിയ നിമിഷത്തിലാണു ചിറമ്മലച്ചൻ ആ മനുഷ്യനെ വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിനു മുന്നിൽ വച്ചു സ്നേഹത്തോടെ ചേർത്തുപിടിച്ചത്. മുന്നോട്ടുള്ള വഴി അറിയാതെ ഉഴറിയ നേരത്തു അച്ചൻ പറഞ്ഞു: ‘ഗോപി.. നമുക്കൊന്നു പ്രാർഥിക്കാം’. പള്ളിക്കകത്ത് ഒരുമിച്ചു പ്രാർഥിക്കുമ്പോൾ അച്ചന്റെ കണ്ണ് നിറഞ്ഞത് എന്തിനാണെന്നു അന്ന് ഗോപിനാഥിനു മനസ്സിലായില്ല. ഇന്ന് അറിയാം. ഒരു പരിചയവും ഇല്ലാത്ത തനിക്ക് ജീവൻ പകുത്തു നൽകാൻ തീരുമാനിച്ചതിന്റെ ചാരിതാർഥ്യം ആയിരുന്നു ആ കണ്ണുനീർ.15 വർഷത്തെ ആ ചേർത്തുപിടിക്കലിന്റെ ഓർമ പങ്കുവയ്ക്കുകയാണ് വാടാനപ്പള്ളിക്കാരൻ ഗോപിനാഥും ഫാ.ഡേവിസ് ചിറമ്മലും. 2009 സെപ്റ്റംബർ 30നാണ് ഫാ. ഡേവിസ് ചിറമ്മൽ ഗോപിനാഥിന് വൃക്ക നൽകിയത്. ആ നന്മ പ്രവൃത്തിയുടെ 15–ാം വാർഷികത്തിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ.
ഗോപിനാഥ്: അച്ചൻ എപ്പോൾ കണ്ടാലും ഇങ്ങനെ ചേർത്തുപിടിക്കും. അന്ന് പള്ളിമുറ്റത്തു കണ്ടപ്പോൾ എന്നെ ചേർത്തുപിടിച്ചതു സ്വന്തം ജീവിതത്തിന്റെ പാതി നൽകാനാണ് എന്ന് അദ്യം മനസ്സിലായില്ല. വൃക്ക രോഗം ബാധിച്ചപ്പോൾ കൂട്ടുകാർ ആണ് അച്ചനെ സമീപിച്ചു സഹായധന കമ്മിറ്റി രൂപീകരിക്കാൻ ആവശ്യപ്പെട്ടത്.
കമ്മിറ്റി രൂപീകരിച്ച് അതിന്റെ രക്ഷാധികാരി ആയ അച്ചൻ എന്റെ ജീവന്റെ രക്ഷകനും ആയി. ഫാ.ചിറമ്മൽ: ഗോപിയെ അന്ന് എനിക്ക് പരിചയം ഇല്ല. പക്ഷേ, ഗോപിയുടെ സുഹൃത്തുക്കളിൽ നിന്ന് ആ കുടുംബത്തിന്റെ വേദന മനസ്സിലായി. സ്കൂളിൽ പോകുന്ന രണ്ട് ആൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം. ഗോപിയുടെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നോർത്ത് എനിക്ക് ആവലാതി തോന്നി. പാവപ്പെട്ട ഒരു ഇലക്ട്രിഷ്യൻ വിചാരിച്ചാൽ എന്തു നടക്കാനാണ്.
ഗോപി: പല എതിർപ്പുകളും അന്ന് അച്ചനു മുന്നിൽ ഉണ്ടായിരുന്നുവെന്നു പിന്നീട് സുഹൃത്തുക്കൾ വഴി അറിഞ്ഞു. എന്നിട്ടും അച്ചൻ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.
ഫാ.ചിറമ്മൽ: വീട്ടിൽ നിന്നും സഭയിൽ നിന്നുമൊക്കെ അനുവാദം ലഭിക്കുക എളുപ്പം ആയിരുന്നില്ല. 8 മാസം ആണ് സർജറിക്കു മുൻപുള്ള മറ്റു പരിശോധനകൾ നടത്തിയത്. എന്റെയും ഗോപിയുടെയും രക്തഗ്രൂപ്പുകൾ തമ്മിൽ ചേരാതിരിക്കാൻ പ്രാർഥിച്ച സുഹൃത്തുക്കൾ വരെ ഉണ്ട്. പക്ഷേ, പ്രാർഥന ഫലിച്ചില്ല. ഞങ്ങൾ ചേരുക തന്നെ ചെയ്തു.
ഗോപി: സർജറിക്കു ശേഷം 3 മാസം വിശ്രമം കഴിഞ്ഞു ഞാൻ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. കൃത്യമായി മെഡിക്കൽ പരിശോധനകൾക്കു പോകും ഇപ്പോഴും. മരുന്നു മുടക്കില്ല. ഭക്ഷണത്തിലും നന്നായി ശ്രദ്ധിക്കുന്നുണ്ട്. മാസം 10,000 രൂപയുടെ മരുന്ന് ആവശ്യമാണ്. എന്നാൽ അന്നു കടന്നുപോന്ന പ്രതിസന്ധി ഓർക്കുമ്പോൾ ഈ മരുന്നുകളും ചെക്കപ്പുകളും ഒന്നും ഒന്നുമല്ല.
ഫാ.ചിറമ്മൽ: എനിക്ക് വൃക്ക കൊടുത്തതിനു ശേഷം ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല. മാത്രമല്ല ഇതിലെ സങ്കീർണതകൾ മനസ്സിലായപ്പോൾ അത് ലളിതമാക്കാനുള്ള ശ്രമങ്ങളാണു പിന്നീടു നടത്തിയത്. അതിനു വേണ്ടി ഒട്ടേറെ രാജ്യങ്ങളിൽ യാത്ര ചെയ്തു. ധാരാളം പ്രസംഗിച്ചു. ആ ശ്രമങ്ങളുടെ ആകെ തുകയാണു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കുറുമാലിൽ തുടങ്ങിയ സൗജന്യ ഡയാലിസിസ് കേന്ദ്രം. ഇതിന്റെ ആദ്യ ഫണ്ട് നൽകിയതു പി.കെ.ചെറിയാൻ ആണ്. ഞാൻ വൃക്ക ദാനം ചെയ്യാതിരിക്കാൻ ആണ് അന്ന് അദ്ദേഹം ആ തുക നൽകിയത്.
ഗോപി: അന്ന് ഞാൻ മാനസികമായി കരുത്ത് ഇല്ലാത്ത അവസ്ഥയിലായിരുന്നു. എന്നെയും കൂട്ടി അച്ചനാണു പല സ്ഥലത്തും കയറിയിറങ്ങി ഇതിന്റെ പേപ്പർ വർക്കുകൾ ഒക്കെ ശരിയാക്കിയത്.
ഫാ.ചിറമ്മൽ: ആരും നിരാശപ്പെട്ടുപോവും. കാരണം 8 മാസം ഇതിന്റെ പിന്നാലെ നടന്നു. പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഈ പാവം മനുഷ്യന്റെ മുഖം അത്രയ്ക്കു മനസ്സിൽ പതിഞ്ഞുപോയി.
ഗോപി: അച്ചന്റെ വൃക്ക വച്ചതിനു ശേഷം ആളുകൾക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ആയിരുന്നു. അത് അച്ചനോടുള്ള സ്നേഹം തന്നെ ആണ്.
ഫാ.ചിറമ്മൽ: വൃക്ക നൽകിയ ശേഷം പൂർണ ആരോഗ്യവാൻ ആണു ഞാനെന്നു എനിക്കു ലോകത്തെ അറിയിക്കണം എന്നു തോന്നി. കാരണം ആ പ്രശ്നം പറഞ്ഞാണല്ലോ പലരും ഇത് എതിർത്തത്. ഇപ്പോഴും ആളുകൾ മടിക്കുന്നതും അതു തന്നെ. എന്നാൽ 15 വർഷം കൊണ്ട് ഒട്ടേറെ പേരെ അവയവ ദാനം ചെയ്യാൻ സന്നദ്ധരാക്കി എന്നതാണ് ഗോപിക്കു വൃക്ക നൽകി എന്നതിനേക്കാൾ എനിക്ക് സംതൃപ്തി നൽകുന്നത്.
ഗോപി: എന്റെ കുടുംബവും അന്നു കൂടെ തന്നെ നിന്നു. സുഹൃത്തുക്കൾ നൽകിയ പിന്തുണയും ചെറുതല്ല. ഇന്നു ഞാൻ സാധിക്കുന്ന പോലെ ജോലി ചെയ്തു ജീവിക്കുകയാണ്. ഒരുപാടു പേർ സഹായിച്ചു.
ഫാ.ചിറമ്മൽ: ഇന്നു ജീവിച്ചിരിക്കുന്നവരിൽ വൃക്ക ദാനം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് നമ്മുടെ ഇന്ത്യ ആണ്. എന്നാൽ അത് ആരോഗ്യകരമായ പ്രവണത അല്ല. അവയവ മാഫിയകൾക്കു പ്രോത്സാഹനം നൽകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.
മരണശേഷം അവയവം ദാനം ചെയ്താൽ തന്നെയും ആവശ്യത്തിന് അവയവങ്ങൾ ലഭിക്കും. നമ്മുടെ സംസ്ഥാനത്ത് അവയവദാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. എല്ലാം കുത്തഴിഞ്ഞു കിടക്കുകയാണ്. ആ അവസ്ഥ മാറിയേ പറ്റൂ. മനുഷ്യത്വം എന്നതിനു മുൻഗണന ഉണ്ടാവണം. ഒരു മനുഷ്യനെ ജീവിതത്തിലേക്കു തിരിച്ചുപിടിച്ച ഫാ.ചിറമ്മൽ അവിടെ നിന്നാണു യഥാർഥ സമർപ്പിത ജീവിതം ആരംഭിച്ചത്. ആ തുടക്കം ഇന്നു പല ജീവിതങ്ങൾക്കും വെളിച്ചമായി തുടരുകയാണ്. അതേ വെളിച്ചമാണു അച്ചന്റെ സംസാരം സ്നേഹത്തോടെ കേട്ടിരിക്കുന്ന ഗോപിയുടെ മുഖത്തും. കെടാതിരിക്കട്ടെ ആ വെളിച്ചം.
വാർഷികം ഇന്ന്
തൃശൂർ ∙ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും (കെഎഫ്ഐ) ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലിന്റെ വൃക്ക ദാനത്തിന്റെയും 15–ാം വാർഷികം മൃത സഞ്ജീവനി പരിപാടി ഇന്നു നടത്തും. കുറുമാൽ സെന്റ് ജോർജ് പള്ളി ഹാളിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയാലിസിസ് സെന്ററിൽ രാവിലെ 11നു ഡോ.ജോർജ് പി.ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിക്കും.