കുഴിയടയ്ക്കാനുള്ള മണ്ണ് അപകടഭീഷണിയാകുന്നു
Mail This Article
മാള ∙ ഗുരുതിപ്പാലയിൽ റോഡിലെ കുഴിയടയ്ക്കാൻ ചരൽമണ്ണ് കൊണ്ടു വന്നിട്ടതു വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു. ചാലക്കുടി–അഷ്ടമിച്ചിറ റോഡിൽ പെട്രോൾ പമ്പിന് സമീപമാണ് കുഴിയടയ്ക്കാൻ മണ്ണ് ഇട്ടത്. റോഡിനെക്കാൾ ഉയരത്തിൽ മണ്ണ് കൂട്ടിയിട്ട നിലയിലാണ്.ചാലക്കുടിയിൽ നിന്ന് മാള പുത്തൻചിറ, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും സ്കൂൾ കോളജ് വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. ഇരുചക്ര വാഹനയാത്രക്കാരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്.
നിരപ്പാക്കാതെ ഇട്ടിരിക്കുന്ന മൺകൂനയിൽ വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്ന് പോകുന്നതാണ് അപകടത്തിന് കാരണം. റോഡിന്റെ ടാറിങ് സംബന്ധിച്ച് നേരത്തേയും പരാതി ഉള്ളതാണ്. കുഴി അടയ്ക്കാൻ കരാർ എടുത്തവർ കുഴികളിൽ വെറും ടാർ ഒഴിച്ചു പോയെന്ന ആരോപണവും ഉയർന്നിരുന്നു. പ്രദേശവാസികൾ ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുള്ളതാണ്. ഇതിനിടെയാണ് റോഡിൽ ടാറിങ് തകർന്ന് വലിയ കുഴി രൂപപ്പെട്ടത്. കുഴി അടയ്ക്കണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് മണ്ണിട്ട് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.