കാർ ആക്രമിച്ച് സ്വർണം കവർന്ന കേസ്: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Mail This Article
തൃശൂർ ∙ ദേശീയപാതയിൽ കാർ ആക്രമിച്ചു രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കി സംഘത്തലവൻ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്എൻപുരം പള്ളിനട ഊളക്കൽ സിദ്ദീഖ് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയാണു സിറ്റി പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വർണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കിൽ വച്ചാണു ക്വട്ടേഷൻ സംഘം ആക്രമിക്കുന്നത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളിൽ പിന്തുടർന്ന ഇവർ തടഞ്ഞുനിർത്തി കാറിന്റെ ചില്ലു തകർത്തു ഡോർ തുറന്നു.
കത്തി കഴുത്തിൽവച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വർണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവർ കൈവശപ്പെടുത്തി. പ്രതികളിൽ സിദ്ദീഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കു കുതിരാനിൽ നിന്നു പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു സംഘത്തലവൻ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്നതു വ്യാജ നമ്പർപ്ലേറ്റ് ആയതിനാൽ അന്വേഷണം ദുഷ്കരമായി. രണ്ടുകാറുകൾ പൊലീസ് കണ്ടെടുത്തു. പ്രതി റോഷൻ തമിഴ്നാട്ടിലും കർണാടകയിലും സമാനരീതിയിലുള്ള കവർച്ചകൾ നടത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ഊർജിതമായി.
റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. ഷിജോയ്ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികൾ യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു. കമ്മിഷണർ ആർ. ഇളങ്കോ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. ഒല്ലൂർ എസിപി സുധീരന്റെ നേതൃത്വത്തിൽ പീച്ചി എസ്എച്ച്ഒ അജിത്ത്, മണ്ണുത്തി എസ്ഐ കെ.സി. ബൈജു, വിയ്യൂർ എസ്ഐ ന്യൂമാൻ, സാഗോക് ടീം എഎസ്ഐമാരായ പി.എം. റാഫി, എം. പഴനിസ്വാമി, അജിത് കുമാർ, രജിത, സിപിഒമാരായ പ്രദീപ്, ദിലീപ്, മിനീഷ്, മഹേഷ്, അബീഷ് ആന്റണി, അനിൽ കുമാർ, നിതീഷ്, സെബാസ്റ്റ്യൻ, വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.