എടിഎം കവർച്ച: കേരള പൊലീസ് നാമക്കലിൽ: ചോദ്യം ചെയ്യാൻ ആന്ധ്രപ്രദേശ്, കർണാടക സംഘങ്ങളും
Mail This Article
തൃശൂർ ∙ എടിഎം കവർച്ചാക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ തൃശൂർ സിറ്റി പൊലീസ് പ്രതിനിധി നാമക്കലിലെത്തി. നാമക്കൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി വിട്ടുകിട്ടുന്നതിന്റെ ആദ്യ നടപടിയായി സിജെഎം കോടതിയിൽ പ്രൊഡക്‌ഷൻ വാറന്റ് ലഭിക്കാനുള്ള അപേക്ഷയും സമർപ്പിച്ചു. ഇക്കാര്യത്തിൽ കേരള പൊലീസിന്റെയും തമിഴ്നാട് പൊലീസിന്റെയും നടപടിക്രമങ്ങളിൽ വ്യത്യാസമുള്ളതിനാൽ സാങ്കേതിക നൂലാമാലകൾ തീർത്തശേഷമേ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനിടയുള്ളൂ. ഇതിനു ദിവസങ്ങൾ വേണ്ടിവരുമെന്നാണു സൂചന. മാപ്രാണം, നായ്ക്കനാൽ, കോലഴി എസ്ബിഐ എടിഎമ്മുകളിൽ കവർച്ച നടത്തി 68.82 ലക്ഷം രൂപയുമായി കണ്ടെയ്നർ ലോറിയിൽ കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിലാണു കീഴ്പ്പെടുത്തിയത്.
പൊലീസ് വെടിവയ്പ്പിൽ കണ്ടെയ്നർ ഡ്രൈവർ ജമാലുദീൻ കൊല്ലപ്പെടുകയും കൂട്ടാളി അസർ അലിക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അസർ അലി അടക്കം 6 പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ആന്ധ്രപ്രദേശ്, കർണാടക, കേരള പൊലീസ് സംഘങ്ങൾ ഒരേസമയം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, പൊലീസിനെ ആക്രമിച്ചതിനു തമിഴ്നാട്ടിൽ പ്രത്യേക കേസുള്ളതിനാലും വെടിവയ്പ്പു നടന്നതിനാലും നടപടിക്രമങ്ങൾ തീർത്തു വിട്ടുകിട്ടുക എളുപ്പമല്ല. തമിഴ്നാട് സർക്കാരിന്റെ നിർദേശപ്രകാരം ഏറ്റുമുട്ടലിനെപ്പറ്റി മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരുക്കേറ്റ പൊലീസുകാരുടേതടക്കം വിശദമായ മൊഴിയെടുപ്പ് മജിസ്ട്രേറ്റ് ആരംഭിച്ചിട്ടുണ്ടെന്നാണു നാമക്കലിൽ നിന്നു ലഭിക്കുന്ന വിവരം.