തകർന്നു കിടക്കുന്ന റോഡിന്റെ നിർമാണം ഇന്ന് ആരംഭിക്കും
Mail This Article
ചെറുതുരുത്തി ∙ വർഷങ്ങളായി തകർന്നു കിടക്കുന്ന തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ കൊച്ചിൻ പാലം മുതൽ പൊതുവാൾ ജംക്‌ഷൻ വരെയുള്ള റോഡിന്റെ നിർമാണ ജോലി ഇന്ന് ആരംഭിക്കും. കുണ്ടും, കുഴിയും, വെള്ളക്കെട്ടും നിറഞ്ഞ് അപകടാവസ്ഥയിലായിരുന്ന റോഡിന്റെ ഷൊർണൂർ റെയിൽവേ മേൽപാലത്തിനു മുകളിൽ റോഡ് തകർന്ന് വാഹനാപകടവും ഗതാഗത കുരുക്കും പതിവായിരുന്നു.
ഇരു ചക്രവാഹനങ്ങൾ മുതൽ ടോറസുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നതും, ദിനം പ്രതി പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന നൂറുകണക്കിനു ആംബുലൻസുകൾ കടന്നു പോകുന്ന പ്രധാന വഴിയായ ഈ റോഡിന്റെ ദുരിതാവസ്ഥയെ കുറിച്ച് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. റോഡിന്റെ അപകടാവസ്ഥയെ ചൊല്ലി രാഷ്ട്രീയ പാർട്ടികളും, ടാക്സി തൊഴിലാളികളും സമരപരിപാടികൾ നടത്തിയിരുന്നു.