കർഷകർക്ക് നൽകിയത് മുളയ്ക്കാത്ത വിത്ത്
Mail This Article
കാഞ്ഞാണി∙ നാഷനൽ സീഡ് കോർപറേഷനിൽ നിന്ന് കൃഷിക്ക് വിതരണം ചെയ്ത ജ്യോതി നെൽവിത്തിൽ മുളയ്ക്കാത്ത പഴകിയ വിത്തും ഉച്ചും പതിരും പുല്ലിന്റെ വിത്തുമാണെന്നു കാഞ്ഞാംകോൾ പടവിലെ കർഷകരുടെ പരാതി. ഇത് മൂലം സ്വകാര്യ കച്ചവടക്കാരിൽ നിന്ന് കൂടുതൽ തുക നൽകി വിത്ത് വാങ്ങേണ്ട അവസ്ഥയാണെന്നു കർഷകർ.വിത്ത് കെട്ടി മുളപ്പിച്ച് കൃഷി ആരംഭിക്കാനിരുന്ന കർഷകർക്കാണ് ഈ പ്രതിസന്ധി. 4 ദിവസം കഴിഞ്ഞിട്ടും പകുതിയിലധികം വിത്ത് മുളക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. ഗുണനിലവാരമില്ലാത്ത വിത്തിനെ കുറിച്ച് കൃഷിവകുപ്പിനെ അറിയിച്ചെങ്കിലും കൃഷി ഉദ്യോഗസ്ഥരും കയ്യൊഴിയുകയാണെന്നാണ് ആരോപണം.
വിത്തിനുള്ള സബ്സിഡി ലഭിക്കണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിത്ത് വാങ്ങണമെന്ന് കർഷകർക്കു നിർദേശം നൽകിയിരുന്നു. അതു പ്രകാരമാണ് വിത്ത് വാങ്ങിയതെന്ന് കർഷകർ പറഞ്ഞു. 2023 - 24 വർഷത്തെ കാലാവസ്ഥാവ്യതിയാനാത്തെ തുടർന്ന് വ്യാപക നഷ്ടം നേരിട്ട കർഷകർക്ക് നെല്ലിന്റെ തുക കഴിഞ്ഞ ദിവസങ്ങളിലാണ് സപ്ലൈകോ നൽകിയത്.