ചാലക്കുടി അടിപ്പാതയിൽ അപകടം; ബൈക്ക് യാത്രികനു പരുക്ക്
Mail This Article
ചാലക്കുടി ∙ ദേശീയപാത അടിപ്പാതയ്ക്കടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. മീൻ വിൽപനയ്ക്കായി ബൈക്കിൽ പോകുകയായിരുന്ന വെസ്റ്റ് ചാലക്കുടി സ്വദേശി ആശാരിപ്പറമ്പ് അലക്സാണ്ടറിനാണു (64) പരുക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മീൻ റോഡിൽ ചിതറി വീണു. ഇന്നലെ 7.30ന് ആയിരുന്നു അപകടം. ട്രാംവേ റോഡിൽ നിന്നു വരികയായിരുന്ന ലോറി ദേശീയപാതയിലേക്കു പ്രവേശിക്കുന്നതിനായി തിരിയുന്നതിനിടയിലാണു മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്.
ബൈക്ക് ലോറിക്കടിയിൽ കുടുങ്ങിയെങ്കിലും അലക്സാണ്ടർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തി ബൈക്ക് ലോറിക്ക് അടിയിൽ നിന്നു പുറത്തെടുത്തു. കുറച്ചു സമയം ഗതാഗത തടസ്സവുമുണ്ടായി. അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി നിർമിച്ച അടിപ്പാതയിൽ അപകടങ്ങൾ പതിവു സംഭവമാകുന്നതു ജനങ്ങൾക്ക് ആശങ്കയ്ക്കു വഴിയൊരുക്കുന്നു.