അച്ഛൻ ഗുരുവായി; വാദ്യലോകത്തേക്കു കൊട്ടിക്കയറി രണ്ടാം ക്ലാസുകാരൻ

Mail This Article
ചാലക്കുടി ∙ അച്ഛൻ ചാലക്കുടി വേണു നമ്പിടി ഗുരുവായി. മറ്റനേകം ശിഷ്യർക്കൊപ്പം മകൻ ഏഴുവയസ്സുകാരൻ എം.വി.സംയത്കൃഷ്ണയും വാദ്യലോകത്തേക്കു കൊട്ടിക്കയറി. കണ്ണമ്പുഴ വാദ്യകലാ പീഠത്തിൽ പഞ്ചാരിമേളം അഭ്യസിച്ച വിദ്യാർഥികളുടെ അരങ്ങേറ്റത്തിലായിരുന്നു വാദ്യഗുരു വേണു നമ്പിടിയുടെയും കാർമൽ അക്കാദമി സ്കൂളിലെ ലൈബ്രറേറിയൻ ഇ.കെ.സുലതയുടെയും മകൻ സംയത് വാദ്യവിദ്യാരംഭം കുറിച്ചത്.
കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഒരു ചെണ്ടയോളം മാത്രം വലുപ്പമുള്ള സംയത് കൊട്ടുന്നതു കാണാൻ ജനം കൗതുകത്തോടെ നിന്നു. സംയതിന്റെ സഹോദരി സംവേദ 8 വർഷം മുൻപു വാദ്യകലയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 18 വയസുകാരിയായ സംവേദ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും തായമ്പക അവതരിപ്പിക്കാറുണ്ട്. അനുജനെ പഠിപ്പിക്കാനും ഉത്സാഹത്തോടെ അച്ഛനൊപ്പമുണ്ടായിരുന്നു.
അരങ്ങേറ്റത്തിൽ മേളപ്രമാണി ക്ഷേത്രവാദ്യകുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ മുഖ്യാതിഥിയായി. കണ്ണമ്പുഴ വാദ്യകലാപീഠം സ്ഥാപകൻ ചാലക്കുടി കേശവൻ ദദ്രദീപം കൊളുത്തി. വേണു നമ്പിടിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച വി.ഗുരുദത്ത്, അഞ്ജന ജയചന്ദ്രൻ, അരവിന്ദ് ജയചന്ദ്രൻ, എ.എസ്.ഉജ്വൽ, പി.ശിവാനന്ദ്, പി.എം.വസുദേവ്, വി.അർജുൻ, ആദിനാഥ് എസ്.നായർ എന്നിവരും സംയതിനൊപ്പം അരങ്ങേറ്റം കുറിച്ചു. ഇവരെല്ലാം വിദ്യാർഥികളാണ്. ചാലക്കുടി മഠത്തിൽ അകത്തൂട്ട് മഠം കുടുംബാംഗമായ വേണു നമ്പിടിക്കു നൂറുകണക്കിനു ശിഷ്യരുണ്ട്. പേരു കേട്ട ഒട്ടേറെ പൂരങ്ങളിൽ മേളപ്രമാണിയാണ് ഇദ്ദേഹം.