ADVERTISEMENT

ചേലക്കര മണ്ഡലത്തിന്റെ ഭാഗമായ ദേശമംഗലം പഞ്ചായത്തിലെ പല്ലൂർ നമ്പ്രം സെന്റർ കഴിഞ്ഞുള്ള ചെറിയ റോഡ്. റോഡിന്റെ ഒരു ഭാഗത്തു വിശാലവും മനോഹരവുമായ നെൽപാടങ്ങളും മറുവശത്തു വെള്ളമുള്ള കനാലുമാണ്. നെൽപാടങ്ങളുടെ കരയിലും കനാൽക്കരയിലും വീടുകൾ. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ തുറന്ന വാഹനത്തിലുള്ള പര്യടനം റോഡിലൂടെ വോട്ടർമാരെ തേടി മുന്നോട്ടു നീങ്ങുകയാണ്. അടുത്ത സ്വീകരണ സ്ഥലമായ കറ്റുവട്ടൂർ സെന്ററാണു ലക്ഷ്യം. സ്ഥാനാർഥിയുടെ തുറന്ന വാഹനത്തിന് അകമ്പടിയായി ഇരുചക്രവാഹനങ്ങൾ. ‘താമര’ ചിഹ്നവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുമുള്ള വെള്ള ടീഷർട്ട് ധരിച്ച പ്രവർത്തകരായിരുന്നു ഇരുചക്ര വാഹനങ്ങളിൽ. ഇതോടൊപ്പം സ്ഥാനാർഥിയുടെ വരവറിയിച്ച് പൈലറ്റ് വാഹനവും പിന്നിൽ അനൗൺസ്മെന്റ് വാഹനവും. പര്യടനം തുടരുന്നതിനിടെ വീടുകളിലേക്കു നോക്കി ബാലകൃഷ്ണൻ കൈനീട്ടി വീശി.

കുട്ടികൾക്കും യുവാക്കൾക്കും കൈവീശലിനൊപ്പം ‘തംപ്സ് അപ്’. മുതിർന്ന വോട്ടർമാരോടു കൈകൂപ്പിയുള്ള വോട്ടഭ്യർഥന. പര്യടനം കറ്റുവട്ടൂർ സെന്ററിലെത്തിയപ്പോൾ പ്രവർത്തകർക്കും ഒത്തുകൂടിയവർക്കും ആവേശം. ആദ്യം താമര ചിഹ്നങ്ങൾ പതിപ്പിച്ച ഷാളുകൾ അണിയിച്ച് സ്വീകരണം. തുടർന്നു സ്ഥാനാർഥിയുടെ മറുപടി പ്രസംഗം. സ്ഥാനാർഥിയുടെ സൗമ്യമായ പ്രകൃതം പോലെ സ്വയം പരിചയപ്പെടുത്തിയ ശേഷം ബഹളവും അമിതാവേശവുമില്ലാത്ത ലളിതമായ വോട്ടഭ്യർഥന. ‘‘ 13നു പോളിങ് ബൂത്തിലെത്തുമ്പോൾ ഓർക്കണം...താമരയാണു ചിഹ്നം. രണ്ടാമതാണു പേര്...ചേലക്കരയിൽ മാറ്റം വേണം.’’–ഈ ഓർമപ്പെടുത്തലോടെ പ്രസംഗം അവസാനിപ്പിച്ച് വീണ്ടും പര്യടന വാഹനത്തിലേക്ക്.

ഇടയ്ക്കു തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം കയറിക്കൂടിയ മനോരമ സംഘത്തോട് വിശാലമായ നെൽവയൽ ചൂണ്ടിക്കാട്ടി കെ.ബാലകൃഷ്ണൻ പറഞ്ഞു. ‘‘ കാർഷിക മേഖലയ്ക്കു വലിയ പ്രാധാന്യമുള്ള ഈ മണ്ഡലത്തിൽ കർഷകർക്കു സഹായകരമായ പുതിയ പദ്ധതികളില്ല. മണ്ഡലത്തിന്റെ അനുഗ്രഹമാണു ഗായത്രിപ്പുഴയും ഭാരതപ്പുഴയും. എന്നാൽ ജനങ്ങൾ കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നു. കൃഷിയാവശ്യങ്ങൾക്കും ജലദൗർലഭ്യതയുണ്ട്. പുഴകൾ കേന്ദ്രീകരിച്ചു ഫലപ്രദമായ ആധുനിക പദ്ധതികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഉൽപാദനത്തിനനുസരിച്ചുള്ള വരുമാനം കർഷകർക്കു ലഭിക്കാത്തതാണു വലിയ തിരിച്ചടി. അതിനു മാറ്റം വേണം. ’’. സ്ഥാനാർഥിയും പര്യടനവും വീണ്ടും മുന്നോട്ട്.

പര്യടനത്തിന് അതിവേഗം
എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ ദേശമംഗലം പഞ്ചായത്ത് തല പര്യടനം ഇന്നലെ ആരംഭിച്ചത് കൂട്ടുപാത സെന്ററിൽ നിന്നാണ്. തുടർന്ന് ദേശമംഗലം സെന്റർ, ചിറ, ഊറോൽ സെന്ററുകൾ പിന്നിട്ടാണ് പല്ലൂർ നമ്പ്രത്തും കറ്റുവട്ടൂർ സെന്ററിലുമെത്തിയത്. വാഹന പര്യടനമായതിനാൽ പ്രചാരണത്തിന് അതിവേഗമാണ്. ഉച്ചയ്ക്കു മുൻപായി തന്നെ കറ്റുവട്ടൂരിൽ നിന്ന് ആറ്റുപുറം സെന്ററിലും തുടർന്നു പള്ളം സെന്ററിലുമെത്തി. എല്ലായിടത്തും സ്വയം പരിചയപ്പെടുത്തലും ചിഹ്നവും സ്ഥാനവും ഓർമപ്പെടുത്തിയുമുള്ള സ്ഥാനാർഥിയുടെ ചെറു പ്രസംഗം. ഉച്ചയ്ക്കു 12ന് പള്ളം സെന്ററിൽ വ്യാപാരികളെ കണ്ടും ഇതിനകം തുടങ്ങിയ പ്രദേശത്തെ റോഡ് ടാറിങ് വിവരങ്ങൾ അന്വേഷിച്ചും അൽപനേരം.

മുതിർന്ന വോട്ടർമാരുടെ ഇരുകൈകളും ചേർത്തു പിടിച്ചാണ് വോട്ടഭ്യർഥന. തുടർന്നു വീണ്ടും പര്യടനം മുന്നോട്ട്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ജല–വൈദ്യുതി നിരക്ക് വർധന, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, ഇടതു സർക്കാരിന്റെ ധൂർത്ത് എന്നീ വിഷയങ്ങളിലൂന്നിയാണു പര്യടനത്തിനൊപ്പമുള്ള അനൗൺസ്മെന്റുകൾ. ഇതോടൊപ്പം ഇടതു മുന്നണിയെയും കോൺഗ്രസിനെയും ചേലക്കരയുടെ മണ്ണിൽ നിന്നു പുറത്താക്കുക എന്ന ആവശ്യവും അനൗൺസ്മെന്റ് വാഹനം മുന്നോട്ടു വയ്ക്കുന്നുണ്ട്. പേരും ചിഹ്നവും ഓർമപ്പെടുത്തിയുള്ള വോട്ടു തേടലിനൊപ്പം ഇടയ്ക്കിടെ മലയാള സിനിമാ ഗാനങ്ങളുടെ ‘എൻഡിഎ പതിപ്പ്’ പാരഡി ഗാനങ്ങളും കേൾക്കാമായിരുന്നു.

അവസാന ലാപ്പിലേക്ക്
‘ചേലക്കരയുടെ ബാലേട്ടൻ’ എന്ന പ്രധാന മുദ്രാവാക്യമുയർത്തിയുള്ള എൻഡിഎയുടെയും സ്ഥാനാർഥി ബാലകൃഷ്ണന്റെയും പഞ്ചായത്ത് തല ഉപതിരഞ്ഞെടുപ്പു പര്യടനം ഇന്നു സമാപിക്കും. നാളെ മുതൽ കൺവൻഷനുകളാണ്. ഇതുവരെയുള്ള പ്രചാരണത്തെക്കുറിച്ച് സ്ഥാനാർഥി പറഞ്ഞു. ‘‘ ഇന്നു മുള്ളൂർക്കരയിലെ പ്രചാരണത്തോടെ അവസാനഘട്ട പര്യടനം പൂർത്തിയാകും. റോഡ് ഷോ, സ്വീകരണം, പൊതുയോഗം എന്ന രീതിയാണ് എല്ലാ പഞ്ചായത്തിലുമുണ്ടായിരുന്നത്. ശക്തമായ പ്രചാരണമാണ് നടത്തിയത്. നേതാക്കളും പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും ആവേശത്തിലാണ്’’.

Q ആദ്യ മത്സരത്തിലും പ്രചാരണത്തിലുമുള്ള അനുഭവങ്ങൾ?
ഇടതു സർക്കാരിന്റെ ഭരണ വിരുദ്ധ വികാരം വലിയ ഘടകമാണ്. എൻഡിഎയ്ക്ക് അനുകൂലമാണത്. പര്യടനമെത്തിയ സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണമാണു ലഭിച്ചത്. ചേലക്കരയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.
Q പഞ്ചായത്ത് അംഗമായുള്ള പ്രവർത്തനം തുണയ്ക്കുമോ?
ഞാൻ പഞ്ചായത്ത് അംഗമായ തിരുവില്വാമല പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി തുടങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ 2021–ൽ നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതാണ് നാടിന്റെ അവസ്ഥ. സർക്കാർ–ഉദ്യോഗസ്ഥ തലത്തിലുള്ള ഈ അനാസ്ഥയ്ക്കു മാറ്റമുണ്ടാകണം. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയായാലേ നാടിനു പ്രയോജനമുള്ളൂ. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പ്രവർത്തനങ്ങളും ബന്ധങ്ങളും തീർച്ചയായും തുണയ്ക്കും. ഉച്ചയോടെ പര്യടനം കൊറ്റമ്പത്തൂർ സെന്ററിലെത്തി. ഇതിനിടയിൽ മുതിർന്ന വോട്ടർമാരിൽ ഒരാൾ  മനോരമ സംഘത്തോടു പറഞ്ഞു ‘‘കണ്ടില്ലേ.. ചേലക്കരയുടെ ആദ്യ ഉപതിരഞ്ഞെടുപ്പിലെ പോരാട്ട വീര്യം. ശക്തമായ മത്സരമാണുള്ളത്. അങ്ങ് ചേലക്കരയിലെ റോഡ് മുതൽ ഇവിടെ കൊറ്റമ്പത്തൂരിലെ നെൽപാടം വരെ പ്രചാരണ പര്യടനങ്ങളെത്തി. എവിടെയും അന്തിമ വിജയി വോട്ടർമാരാണ് ’’.

English Summary:

This article provides an immersive account of NDA candidate K. Balakrishnan's dynamic election campaign in the Chelakkara by-election. It highlights his interactions with voters, key campaign promises focusing on development and addressing local concerns, and the overall competitive atmosphere surrounding the election.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com