അഴീക്കോട് – മുനമ്പം ബോട്ട് സർവീസ് പുനരാരംഭിച്ചു
Mail This Article
അഴീക്കോട് ∙എറണാകുളം – തൃശൂർ ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം ബോട്ട് സർവീസ് പുനരാരംഭിച്ചു. തീരദേശവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി. ഇതോടെ കോൺഗ്രസ് അഴീക്കോട് ജെട്ടിയിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 12ന് നടത്തുമെന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.ഇന്നു രാവിലെ 9 മുതൽ സർവീസ് നടത്തും. മുനമ്പത്ത് ജെട്ടിയിൽ നിന്നു കരയിലേക്ക് കയറുന്ന സ്ഥലത്തെ കുറ്റികൾ ഉറപ്പിക്കേണ്ട ജോലികൾ കൂടി ബാക്കിയുണ്ട്. ഇതു കൂടി പൂർത്തിയാക്കി സർവീസ് പൂർണതോതിൽ പുനരാരംഭിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.അഴീക്കോട് – മുനമ്പം പാലം നിർമാണത്തിനായി പുഴയിൽ പൈലിങ് തുടങ്ങിയതോടെ ആണ് ഇവിടെ സർവീസ് നടത്തിയ ജങ്കാർ നിർത്തിയത്. പിന്നീട് താൽക്കാലികമായി ബോട്ട് സർവീസ് ഏർപ്പെടുത്തിയെങ്കിലും മുനമ്പത്തെ ബോട്ട് ജെട്ടി പാലം നിർമാണത്തിനു പൊളിക്കേണ്ടി വന്നതിനാൽ വീണ്ടും സർവീസ് നിർത്തി.
ഇതോടെ യാത്രക്കാർ ദുരിതത്തിലായി. ആറു മിനിറ്റ് കൊണ്ടു മറുകര എത്തിയിരുന്നവർ മൂന്നു ബസുകൾ കയറിയിറങ്ങി 14 കിലോമീറ്റർ സഞ്ചരിച്ചാണു മറുകര എത്തിയിരുന്നത്. ജില്ലാ പഞ്ചായത്ത് ബദൽ സംവിധാനം ഒരുക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നു. യൂത്ത് കോൺഗ്രസ് പുഴ നീന്തി കടന്നുള്ള സമരവും കോൺഗ്രസിന്റെ നിരാഹാര സമരവും പാലം കർമസമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചതും ജില്ലാ പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കി. ഒടുവിൽ പൊടുന്നനെ ബോട്ട് ജെട്ടി നിർമിച്ചു ബോട്ട് സർവീസ് തുടങ്ങാൻ നിർദേശം നൽകുകയായിരുന്നു. യാത്രാ ബോട്ടിനു കാര്യക്ഷമതാ സർട്ടിഫിക്കറ്റും ലൈസൻസും എല്ലാം ഉടൻ ലഭ്യമാക്കിയിരുന്നു.
എംഎൽഎയും ജില്ലാ പഞ്ചായത്തും മുട്ടുമടക്കി: ടി.എൻ. പ്രതാപൻ
അഴീക്കോട് ∙ അഴീക്കോട് – മുനമ്പം ഫെറി സർവീസ് വിഷയത്തിൽ ജില്ലാ പഞ്ചായത്തും ഇ.ടി.ടൈസൺ എംഎൽഎയും കോൺഗ്രസ് സമരത്തിന് മുൻപിൽ മുട്ടു മടക്കിയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ പറഞ്ഞു.ബോട്ട് ജെട്ടിയിൽ കോൺഗ്രസ് നടത്തിയ 17 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 117 ദിവസം മുൻപ് ഫെറി സർവീസ് അവസാനിപ്പിച്ചതായാണ് എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ കോൺഗ്രസ് തുടങ്ങിയ സമര പോരാട്ടങ്ങളെ തുടർന്നാണു ഫെറി പുനരാരംഭിക്കാൻ നീക്കങ്ങൾ തുടങ്ങിയതെന്നും പ്രതാപൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എം.സാദത്ത് അധ്യക്ഷത വഹിച്ചു. സമരം അവസാനിപ്പിച്ചു ആദ്യ ഫെറി സർവീസിൽ യാത്ര ചെയ്ത ശേഷം കോൺഗ്രസ് സത്യഗ്രഹികളുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. സത്യഗ്രഹം നടത്തിയ ഷിഹാബ്, ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് ടി.എൻ.പ്രതാപൻ നാരങ്ങ നീര് നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ബി.മൊയ്തു, പി.കെ.മുഹമ്മദ്, പി.പി.ജോൺ, പി.എ.കരുണാകരൻ, ഇ.കെ.സോമൻ, സി.എ.റഷീദ്, പി.എ.മനാഫ്, നജീബ് പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.