ADVERTISEMENT

നാട്ടിക സെന്ററിൽ ഒരു വർഷത്തിനിടെ അപകടത്തിൽ മരിച്ചത് 8 പേർ 
നാട്ടിക ∙ തടിലോറി പാഞ്ഞുകയറി മരിച്ചവരടക്കം നാട്ടിക സെന്ററിൽ ഒരു വർഷത്തിനിടെ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 8 പേർക്ക്. സെന്ററിൽ നിന്ന് ഏതാനും മീറ്ററകലെ പഴയ ദേശീയപാതയിൽ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ചു 3 യുവാക്കൾ മരിച്ചതു കഴിഞ്ഞ ഏപ്രിൽ 27നാണ്. മലപ്പുറം തിരൂർ സ്വദേശികളായ ഇവർ കൊടൈക്കനാലിലേക്കു വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് പുലർച്ചെ അപകടം. 2 പേർ തൽക്ഷണവും ഒരാൾ ചികിത്സയ്ക്കിടയിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന 3 പേർക്കു പരുക്കേറ്റു. ആളപായമില്ലാത്ത ചെറിയ അപകടങ്ങൾ വേറെയുമുണ്ടായി.

അതീവ നൊമ്പരമായി പിഞ്ചുകുഞ്ഞുങ്ങളുടെ മരണം; വിശ്വാ... നീ എങ്കെടാ... ജീവാ... 
മുതലമട ∙ ‘വിശ്വാ... നീ എങ്കെടാ... ജീവാ...’ തൃശൂർ നാട്ടികയിൽ ലോറി കയറി മരിച്ച മീങ്കര ചെമ്മണംതോട്ടെ പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹം സംസ്കാരത്തിനെടുക്കുമ്പോൾ അലറിക്കരഞ്ഞു നിലത്തു കിടക്കുകയായിരുന്നു ബന്ധുക്കൾ. അപകടത്തിൽ മരിച്ച ഒരു വയസ്സുകാരനാണു വിശ്വ. വിശ്വയുടെ അമ്മ രാജേശ്വരിയും മരിച്ചു. ലോറി ജീവനെടുത്ത മറ്റൊരു കുട്ടിയാണു നാലു വയസ്സുകാരൻ ജീവ. മകളും പേരക്കുട്ടിയും നഷ്ടപ്പെട്ടതിന്റെ വേദനയിൽ കരഞ്ഞു തളർന്നുപോയ രാജേശ്വരിയുടെ അമ്മയ്ക്ക് ആംബുലൻസിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കാൻ ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദും നിർദേശം നൽകുകയായിരുന്നു.

നാട്ടികയിൽ മരിച്ച നാലു വയസ്സുകാരി ജീവയുടെ ഫോട്ടോ ബന്ധു ഈശ്വരി മൊബൈൽ ഫോണിൽ കാണിച്ചു കൊടുത്തപ്പോൾ വിതുമ്പിപ്പോയ മന്ത്രി എം.ബി രാജേഷ്.
നാട്ടികയിൽ മരിച്ച നാലു വയസ്സുകാരി ജീവയുടെ ഫോട്ടോ ബന്ധു ഈശ്വരി മൊബൈൽ ഫോണിൽ കാണിച്ചു കൊടുത്തപ്പോൾ വിതുമ്പിപ്പോയ മന്ത്രി എം.ബി രാജേഷ്.

തെരുവിൽ കഴിഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കാരത്തിനെടുക്കുമ്പോൾ നിലത്തുരുണ്ടും നെഞ്ചത്തടിച്ചും കരയുന്ന കൂടപ്പിറപ്പുകളെയും ബന്ധുക്കളുടെയും വേദനകളിൽ അലിഞ്ഞ് അവർക്കൊപ്പം നിൽക്കാൻ മാത്രമേ തൃശൂരിൽ നിന്നു മൃതദേഹങ്ങളെ അനുഗമിച്ചു മുതലമടയിലെത്തിയ മന്ത്രി എം.ബി.രാജേഷിനു കഴിയുമായിരുന്നുള്ളൂ. ഉറ്റവരുടെ വേർപാടറിഞ്ഞ് സ്കൂൾ ഹോസ്റ്റലിൽ നിന്നു കുട്ടികൾ ശ്മശാനത്തിൽ എത്തിയപ്പോൾ അവരുടെ കരച്ചിൽ ഉച്ചത്തിലായി.

അവിടെയെത്തിയ കുട്ടിയുടെ ‘വിശ്വാവെ പാത്തായാ...?’ എന്ന ചോദ്യത്തിനു ‘വിശ്വ ചത്തു പോയാച്ച്’ എന്നു പറഞ്ഞ കുട്ടിയുടെ മറുപടി കേട്ടുനിന്നവരുടെ കണ്ണു നിറച്ചു. അഞ്ചു മൃതദേഹങ്ങൾ ഒരുമിച്ചു കുഴിയിലേക്കെടുത്ത് അതിൽ മണ്ണിടുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിലത്തു കിടന്ന് അലറിക്കരയുകയായിരുന്നു. ഒന്നര പതിറ്റാണ്ടോളമായി കാളിയപ്പനും കുടുംബവും മീങ്കര ചെമ്മണംതോട് നാടോടികളായി എത്തിയിട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുപ്പിയും പാട്ടയും പെറുക്കിയാണ് ഇവർ ജീവിച്ചിരുന്നത്.

തൃശൂർ നാട്ടികയിൽ ലോറി കയറി മരിച്ചവരുടെ മൃതദേഹങ്ങൾ മീങ്കര ശ്മശാനത്തിൽ സംസ്കാരത്തിനായെടുത്തപ്പോൾ മരിച്ച കുട്ടികളിലൊരാളുടെ പുത്തൻ ടീഷർട്ടും ട്രൗസറും കയ്യിൽ പിടിച്ചെത്തിയ ബന്ധു പൊട്ടിക്കരയുന്നു. ചിത്രം: മനോരമ
തൃശൂർ നാട്ടികയിൽ ലോറി കയറി മരിച്ചവരുടെ മൃതദേഹങ്ങൾ മീങ്കര ശ്മശാനത്തിൽ സംസ്കാരത്തിനായെടുത്തപ്പോൾ മരിച്ച കുട്ടികളിലൊരാളുടെ പുത്തൻ ടീഷർട്ടും ട്രൗസറും കയ്യിൽ പിടിച്ചെത്തിയ ബന്ധു പൊട്ടിക്കരയുന്നു. ചിത്രം: മനോരമ

എന്നാൽ, മീങ്കരയിലെത്തുമ്പോഴെല്ലാം അവിടത്തെ വീട്ടിൽ ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. ഇവിടെ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ബന്ധുക്കളിൽ ഏറെപ്പേരും മീങ്കരയിലെ ശ്മശാനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. തൃശൂ‍ർ മെഡിക്കൽ കോളജ് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം അഞ്ച് ആംബുലൻസുകളിലായാണു മൃതദേഹങ്ങൾ മീങ്കരയിലെത്തിച്ചത്. തലപ്പള്ളി ഭൂരേഖ തഹസിൽദാർ ടി.പി.കിഷോർ, തൃശൂർ ഭൂരേഖ തഹസിൽദാർ നിഷ ആർ.ദാസ് എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹങ്ങൾ എത്തിച്ചത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് എത്താനും വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്നു. മീങ്കര അണക്കെട്ടിനടുത്തുള്ള ശ്മശാനത്തിൽ രാത്രി ഏഴരയോടെ സംസ്കാരം നടത്തി. മന്ത്രി എം.ബി.രാജേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ആർ.ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, പഞ്ചായത്ത് അധ്യക്ഷരായ പി.കൽപനാദേവി, കെ.സത്യപാൽ, കെ.മണികണ്ഠൻ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പി അശ്വതി ജിജി, ചിറ്റൂർ തഹസിൽദാർ പി.എം.അബൂബക്കർ സിദ്ധിക്ക് എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. 

‘എംഎൽഎയാണോ? എനിക്ക് അറിയില്ല’
നാട്ടിക ∙ നാട്ടിക ജംക്‌ഷനിൽ അപകടമുണ്ടാക്കിയ ലോറി നിർത്തിയിട്ടിരുന്ന സ്ഥലത്തെത്തിയ സി.സി. മുകുന്ദൻ എംഎൽഎയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. എംഎൽഎയുടെ ബോർഡ് വച്ച കാറിലെത്തിയിട്ടും തടഞ്ഞപ്പോൾ ‘ഞാൻ എംഎൽഎ ആണ്’ എന്നു സി.സി. മുകുന്ദൻ പറഞ്ഞു. ‘എനിക്ക് അറിയില്ല’ എന്നായി പൊലീസ് ഉദ്യോഗസ്ഥൻ.

ഇതോടെ എംഎൽഎ ബാരിക്കേഡ് സ്വയം കടന്നു ലോറിക്കടുത്തേക്കു പോകുകയായിരുന്നു. സർക്കാർ മുദ്രയുള്ള ഐഡന്റിറ്റി കാർഡ് ധരിച്ച പിഎ എംഎൽഎയ്ക്ക് ഒപ്പം ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെയും തടഞ്ഞു. പൊലീസിൽ നിന്നു മര്യാദയില്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്നതിന്റെ അസ്വസ്ഥതയോടെയാണ് എംഎൽഎ മടങ്ങിയത്.

2003ലെ അപകടത്തിൽ പൊലിഞ്ഞത് 9 ജീവൻ 
തൃശൂർ ∙ ദേശീയപാതയിൽ ദാരുണമായ മറ്റൊരു അപകടം നടന്നതും ഇതുപോലെ പുലർച്ചെയാണ്. അന്ന് പൊലിഞ്ഞത് 9 ജീവൻ. ഇന്നലത്തെ അപകടത്തിലേതു പോലെ അന്നും വാഹനമോടിച്ചത് ക്ലീനർ ആയിരുന്നു. വാടാനപ്പള്ളി തൃത്തല്ലൂർ ഏഴാംകല്ലിനു സമീപം 2003 ഫെബ്രുവരി 5നു പുലർച്ചെ ലോറിയിൽ നിന്ന് പുറത്തേക്കു തള്ളി നിൽക്കുകയായിരുന്ന തടി എതിരെ വന്ന ബസിന്റെ ഒരു വശം തകർത്താണ് അപകടം.

ലോറിയിൽ മരം കയറ്റിയിരുന്ന ഭാഗത്ത് സിഗ്നൽ ലൈറ്റ് ഇല്ലായിരുന്നു. അനുവദനീയമായതിൽ കൂടുതൽ ലോഡ് കയറ്റിയിരുന്നതായും കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസ് അമിതവേഗത്തിലായിരന്നെന്നും പരാതിയുണ്ടായിരുന്നു. അപകടശേഷം 100 മീറ്റർ മുന്നോട്ടുപോയാണ് ബസ് നിന്നത്. ബസിന്റെ അമിതവേഗത്തിനെതിരെ ഗുരുവായൂരിൽ യാത്രക്കാർ പരാതി പറഞ്ഞതിനു ശേഷമാണ് തൃത്തല്ലൂരിൽ അപകടത്തിൽപെട്ടത്. മരിച്ചവർ കണ്ണൂർ, വയനാട് ജില്ലകളിൽപെട്ടവരായിരുന്നു.

നാട്ടികയിലെ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കലക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും സംസാരിക്കുന്നു.
നാട്ടികയിലെ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കലക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും സംസാരിക്കുന്നു.
English Summary:

This article highlights the alarming number of fatal accidents occurring at Nattika Center, particularly focusing on a recent tipper lorry accident that claimed the lives of three young men. The piece delves into the heartbreaking stories of the victims and their families, while also touching upon a previous accident in 2003 that claimed nine lives. Additionally, it mentions an incident involving MLA C.C. Mukundan and his encounter with the police at the accident site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com