ആറുവരിപ്പാത തുറക്കും മുൻപേ നടന്ന വൻ അപകടം; അപകടമുനമ്പുകളായി നിർമാണ സ്ഥലങ്ങൾ
Mail This Article
നാട്ടിക ∙ 5 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ സെന്ററിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന ഭാഗത്തു രാത്രി വെളിച്ചം ഉറപ്പാക്കാൻ സംവിധാനമില്ല. ദൂരെ നിന്നു കാണാവുന്ന വിധത്തിൽ വലിയ മുന്നറിയിപ്പു ബോർഡുകളോ ഉറപ്പുള്ള ബാരിക്കേഡുകളോ ഇല്ലാത്തതും അപകടസാധ്യത കൂട്ടുന്നു. വാടാനപ്പള്ളിക്കും വലപ്പാടിനുമിടയിൽ അപകടസാധ്യതാ മേഖലകൾ വേറെയുമുണ്ട്. ആറുവരിപ്പാത നിർമാണം ആരംഭിച്ചപ്പോൾ നാട്ടിക സെന്ററിലുണ്ടായിരുന്ന വൈദ്യുത തൂണുകളും തെരുവുവിളക്കുകളും മാറ്റിസ്ഥാപിച്ചതോടെയാണു സെന്റർ ഇരുട്ടിലായത്. പഴയ ദേശീയപാതയോരത്തും സർവീസ് റോഡിന്റെ വശങ്ങളിലുമുള്ള വൈദ്യത വിളക്കുകളിൽ നിന്നുള്ള പ്രകാശം സെന്ററിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന ഭാഗത്ത് എത്തുന്നുമില്ല.
കാപ്പിരിക്കാടു മുതൽ കൊടുങ്ങല്ലുർ വരെയുള്ള ഒന്നാം റീച്ചിൽ ആവശ്യത്തിനു വെളിച്ചമില്ലാത്ത ഭാഗങ്ങളേറെ. ഗതാഗതം വഴിതിരിച്ചു വിടുന്ന ഭാഗങ്ങളിൽ ഫൈബർ ബാരിക്കേഡുകളാണു വച്ചിട്ടുള്ളത്. ഇന്നലത്തെ അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതു ബാരിക്കേഡിലിടിച്ചിട്ടും ലോറി മുന്നോട്ടു നീങ്ങിയതാണ്.
റൂട്ട് പരിചയമില്ലാത്ത ചരക്കു വാഹനങ്ങൾ രാത്രി ഡിവൈഡറുകളിലും മറ്റും തട്ടുന്നതു സ്ഥിരമാണ്. റിഫ്ലക്ടറുകളും ചെറിയ മുന്നറിയിപ്പു ബോർഡുകളും നോക്കിയാണു ഡ്രൈവർമാർ വണ്ടിയോടിക്കുന്നത്. റോഡരികിൽ എടുത്ത കുഴികൾ അപകടക്കെണിയാണ്. കഴിഞ്ഞ ഏപ്രിലിൽ തളിക്കുളം കൊപ്രക്കളം ഭാഗത്തു ദേശീയപാതയോരത്തെ കുഴിയിൽ വീണു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.
അന്നു പുലർച്ചെ അധികൃതർ ബാരിക്കേഡ് വച്ച് സ്ഥലം വിട്ടത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പഴയ ദേശീയ പാതയിൽ തൃപ്രയാർ സെന്ററിലെ ഡിവൈഡറിലും വെളിച്ചമോ മുന്നറിയിപ്പു സംവിധാനമോ ഇല്ല.ഡൽഹി ആസ്ഥാനമായുള്ള ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു റോഡ് നിർമാണത്തിന്റെ കരാർ. രാത്രിയും പകലും ഒരുപോലെ അപകടസാധ്യത കുറയ്ക്കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ റോഡ് നിർമാണ സ്ഥലങ്ങളിൽ ഉറപ്പാക്കണമെന്നു ജനപ്രതിനിധികളടക്കം ആവശ്യപ്പെടുന്നുണ്ട്.
തൃശൂരിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരേറെ
തൃശൂർ ∙ ആകാശം മേലാപ്പാക്കി തൃശൂരിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർ നൂറുകണക്കിന്. വാഹനമോടിക്കുന്നവരുടെ കണ്ണൊന്നു തെറ്റിയാൽ മതി നാട്ടികയിലെ പോലെ അപകടം ആവർത്തിക്കാൻ. സ്വന്തമായി ഒരു കൂരയില്ലാത്തവരാണ്, പകൽ എവിടെയെങ്കിലും കൂലിപ്പണിക്കോ കച്ചവടത്തിനോ മറ്റോ പോയ ശേഷം രാത്രി വഴിയോരങ്ങളിലും കടകൾക്കു മുന്നിലും കിടന്നുറങ്ങുന്നത്.
ഇതിൽ നല്ലൊരു പങ്ക് അതിഥിത്തൊഴിലാളികളാണ്. ഇത് പതിവു കാഴ്ചയാണെങ്കിലും ഒരു പരിഹാരവും നാളിതുവരെ കണ്ടെത്തിയിട്ടില്ല. നൈറ്റ് പട്രോളിങ് വ്യാപകമാണെന്നു പറയുന്നുണ്ടെങ്കിലും ഇങ്ങനെ കിടന്നുറങ്ങുന്നവർ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നില്ലേ എന്ന ചോദ്യവും ഉയരുന്നു.
കെഎസ്‍ആർടിസി ബസ് സ്റ്റാൻഡിലെ പെട്രോൾ പമ്പിന്റെ ഇരുവശത്തുമായി രാത്രി 10 കഴിഞ്ഞാൽ ഒട്ടേറെ പേർ കിടന്നുറങ്ങാനായി സ്ഥലം പിടിക്കും. പതിവായി ഇവിടെ കിടന്നുറങ്ങുന്നവരാണ് ഏറെയും. പെട്രോൾ അടിച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കു ചെറുതായൊന്നു പിഴച്ചാൽ മതി അപകടം ഉണ്ടാവാൻ. രാത്രി വാഹനങ്ങൾ വരില്ല എന്നുറപ്പുള്ള പല സ്ഥലങ്ങളിലും ഉറങ്ങുന്നവരുണ്ട്.
കെഎസ്ആർടിസിക്കു സമീപം വ്യാപാര കേന്ദ്രങ്ങളുടെ വരാന്തയിലും ആളുകൾ കിടന്നുറങ്ങുന്നതു പതിവാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുവശങ്ങളിലെ നടപ്പാതയിൽ ഇതു സ്ഥിരം കാഴ്ചയാണ്. പടിഞ്ഞാറേക്കോട്ടയിൽ സിവിൽ ലൈൻ റോഡിലേക്കു പോകുന്നിടത്തെ ജംക്‌ഷനിലും രാത്രി കിടന്നുറങ്ങുന്നവരുണ്ട്.ഇക്കണ്ടവാരിയർ റോഡിൽ വ്യാപാര കേന്ദ്രങ്ങളുടെ മുൻവശം, ഹൈറോഡിനു സമീപം ലത്തീൻ പള്ളിയിലേക്കു പോകുന്ന വഴി എന്നിങ്ങനെ നഗരത്തിൽ പലയിടങ്ങളിലും രാത്രി ചെലവഴിക്കുന്നവരുണ്ട്.