ദുരന്തമുഖത്തെ രക്ഷാപ്രവർത്തന പരിശീലനമായി മോക്ഡ്രിൽ

Mail This Article
അഴീക്കോട് ∙ സൂനാമി ദുരന്തത്തിന്റെ വാർഷികത്തിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ ഒരുക്കിയ മോക്ഡ്രിൽ ദുരന്ത മുഖത്തെ രക്ഷാപ്രവർത്തന പരിശീലനമായി. മോക്ഡ്രിൽ ഭാഗമായി അപ്രതീക്ഷിതമായി വന്ന സൂനാമി മുന്നറിയിപ്പ് സന്ദേശത്തിൽ ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നീട് തീരം ശാന്തമായി. ദുരന്തങ്ങൾ നേരിടുന്നതിനുള്ള ആശയ വിനിമയത്തിന്റെ കൃത്യത ഉറപ്പുവരുത്താൻ നടത്തിയ ദുരന്ത പ്രതിരോധ പരിശീലന പരിപാടിയിൽ ഒട്ടേറെ ജനങ്ങൾ പങ്കുചേർന്നു.
ജില്ലയിൽ സൂനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാമാണ് ആശയവിനിമയം സാധ്യമാകുക എന്നതാണ് മോക്ഡ്രില്ലിലൂടെ പരിശോധിച്ചു ഉറപ്പാക്കിയത്. തീരദേശ പൊലീസ്, അഗ്‌നി രക്ഷാസേന, കടലോര ജാഗ്രതാ സമിതി, സിവിൽ ഡിഫൻസ് ഫോഴ്സ്, മെഡിക്കൽ ടീം, മത്സ്യ തൊഴിലാളികൾ, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്. ഇ.ടി.ടൈസൺ എംഎൽഎ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ തുടങ്ങിയവർ മോക്ഡ്രില്ലിനു നേതൃത്വം നൽകി.