ഇന്ദിരാഗാന്ധി പഞ്ചസാര കൊണ്ടു തുലാഭാരം നടത്തി; ഗുരുവായൂരിലെ തുലാഭാരം പ്രശസ്തമായി

Mail This Article
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണു തുലാഭാരം. തന്നെ പൂർണമായി ഗുരുവായൂരപ്പനു സമർപ്പിക്കുന്നു എന്ന സങ്കൽപത്തിൽ ഭക്തർ സ്വന്തം തൂക്കത്തിനൊപ്പം ഇഷ്ടദ്രവ്യങ്ങൾ ഭഗവാനു സമർപ്പിക്കുന്നു. വലിയ തുലാസിന്റെ ഒരു തട്ടിൽ ഭക്തർ ചമ്രം പടിഞ്ഞ് തൊഴുകൈകളോടെ ഇരിക്കും. മറ്റേത്തട്ടിൽ വെണ്ണയോ കദളിപ്പഴമോ പഞ്ചസാരയോ തുടങ്ങി ഇഷ്ടമുള്ള ദ്രവ്യങ്ങൾ വയ്ക്കും. ദ്രവ്യങ്ങളുടെ തട്ടു താഴ്ന്നാൽ പ്രാർഥിച്ച് തട്ടിൽ നിന്നിറങ്ങും. തുലാഭാരത്തിന് ഉപയോഗിച്ച സാധനത്തിന്റെ വിലയും തട്ടിൽ പണമായി 100 രൂപയും അടയ്ക്കണം.
സ്വർണം മുതൽ തുളസിയിലയോ തീർഥജലമോ വരെ തുലാഭാരത്തിന് ഉപയോഗിക്കാം.തുലാഭാര കൗണ്ടറിൽ നൂറോളം സാധനങ്ങൾ കരുതിവയ്ക്കും. മറ്റു സാധനങ്ങൾ ഭക്തർ കൊണ്ടു വരികയോ ദേവസ്വത്തിൽ മുൻകൂട്ടി അറിയിച്ച് വാങ്ങിവയ്ക്കുകയോ വേണം.തുലാഭാരത്തിനു മുൻകൂട്ടി ബുക്ക് ചെയ്യേണ്ട. പുലർച്ചെ 5 മുതൽ നട തുറന്നിരിക്കുന്ന സമയത്ത് തുലാഭാരം നടത്താം. അഹിന്ദുക്കൾക്ക് കിഴക്കേനടപ്പുരയിലാണ് തുലാഭാരം. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി 1980 ജനുവരി 18ന് ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ടു തുലാഭാരം നടത്തിയത് വൻ വാർത്തയായി. ദേശീയ മാധ്യമങ്ങൾ ചിത്രം അടക്കം പ്രസിദ്ധീകരിച്ചു. ഗുരുവായൂരിന്റെ പ്രശസ്തി ഉത്തരേന്ത്യയിൽ വ്യാപിക്കാൻ ഈ സംഭവം കാരണമായി. അടിയന്തരാവസ്ഥയ്ക്കു ശേഷം തിരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരാഗാന്ധിയോട് ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞത് കെ.കരുണാകരനാണ്. വീണ്ടും ജയിച്ച് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ ഗുരുവായൂർ ദർശനത്തിന് എത്തിച്ചതും ലീഡർ തന്നെ.
ഇതോടെ ഗുരുവായൂരിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്കായി. പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, രാഷ്ട്രപതിമാരായ വെങ്കിട്ടരാമൻ, ശങ്കർദയാൽ ശർമ എന്നിവരൊക്കെ കണ്ണനെ കണ്ടു തൊഴുതു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13ന് നരേന്ദ്ര മോദി ദർശനവും തുലാഭാരവും നടത്തി. പ്രധാനമന്ത്രിയായി 2019 ജൂൺ 8ന് എത്തിയപ്പോഴും താമരപ്പൂ കൊണ്ടു തുലാഭാരം നടത്തി.ശോഭ ഡവലപ്പേഴ്സ് ഉടമ പി.എൻ.സി.മേനോൻ രണ്ടു പതിറ്റാണ്ടു മുൻപ് നടത്തിയ തുലാഭാരത്തിന് 75 കിലോ സ്വർണമാണു വേണ്ടിവന്നത്. കയറും ചേനയും ചകിരിയും മടലും വിറകും തവിടും അപ്പവും പാൽപായസവും കറിവേപ്പിലയുമൊക്കെ തുലാഭാര വിഭവങ്ങളാകുന്നു.തുലാഭാരത്തിൽനിന്ന് ദേവസ്വത്തിന് വൻ വരുമാനമുണ്ട്. കഴിഞ്ഞ 22 ന് ഞായറാഴ്ച 19.71 ലക്ഷം രൂപയുടെ തുലാഭാരം നടന്നു.