ബലാബലമില്ല: തബലയിൽ സൗഹൃദതാളം
Mail This Article
തിരുവനന്തപുരം ∙ 2012 മുതൽ 2014 വരെ തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല മത്സരത്തിന് ഒന്നാം സ്ഥാനം നേടിയ ഷഹീൻ പി.നാസർ ഇന്നലെ വീണ്ടും വേദിയിലേക്കു മടങ്ങിയെത്തി. മത്സരിക്കാനല്ല, പകരം താൻ പഠിപ്പിച്ച വിദ്യാർഥികളുമായി. തൃശൂർക്കാരൻ ഷഹീൻ മാഷിന്റെ കീഴിൽ തബല പഠിച്ച രണ്ടു കുട്ടികൾ രണ്ടു ജില്ലകളിൽനിന്നായി മത്സരിക്കാൻ എത്തിയെന്നതും അദ്ഭുതമായി.തൃശൂരിനെ പ്രതിനിധീകരിച്ചെത്തിയ കുന്നംകുളം സ്വദേശി കെ.വി.കാശിനാഥും മലപ്പുറത്തു നിന്നെത്തിയ കൊണ്ടോട്ടിക്കാരൻ കെ.പി.ഷെഹൻഷയും ആദ്യമായി പരസ്പരം കണ്ടപ്പോൾ മത്സരവീര്യത്തേക്കാളും സൗഹൃദം താളമിട്ടു. തുടർന്ന് ഗുരുവായ ഷഹീൻ മാഷിന്റെ ഇരുവശത്തുമിരുന്ന് ഒരുമിച്ചായി ഇരുവരുടെയും പരിശീലനം.
കൊച്ചന്നൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് കാശിനാഥ്. കൊണ്ടോട്ടി ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെഹൻഷ. ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ ഓർക്കസ്ട്ര കുടുംബത്തിലെ അംഗമാണ് ഷെഹൻഷ. മത്സരത്തിൽ കാശിനാഥ് എ ഗ്രേഡും ഷെഹൻഷ ബി ഗ്രേഡും നേടി.
വട്ട വട്ടപ്പാട്ടുകാരേ...
തിരുവനന്തപുരം ∙ ‘കമാലായ് പാടും കല്യാണം’ എന്നായിരുന്നു വരികൾ. പക്ഷേ, പാടിയപ്പോൾ ‘കമാലായ്’ എന്ന വാക്കുവിട്ടു പോയി. തൃശൂർ ജില്ലാ കലോത്സവത്തിൽ ഒരു പോയിന്റും ഒന്നാം സ്ഥാനവുമാണ് എച്ച്എസ് വട്ടപ്പാട്ടിൽ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന് ഈ പിഴവിനു കൊടുക്കേണ്ടി വന്ന വില. അപ്പീൽ വഴി തിരുവനന്തപുരത്തേക്കു തിരിച്ച ബഥനി സ്കൂളിന് ഇത്തവണ തെറ്റൊന്നും പറ്റിയില്ല. സംസ്ഥാനതലത്തിലെ എ ഗ്രേഡും സ്വന്തമായി. മുനീർ തലശ്ശേരിയാണു പരിശീലകൻ.9–ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിഹാൻ ടീമിനെ നയിച്ചപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആദിൽ ഗാനമാലപിച്ചു.