മീറ്റ് ദ് സ്റ്റാർസ്; വിജയം വിളക്കിച്ചേർത്ത ചില പ്രകടനങ്ങൾ
Mail This Article
കാവ്യകേളിയിൽ ആൺശബ്ദം അഭിനവ് മാത്രം
തിരുവനന്തപുരം ∙ ആലാപന മാധുര്യം നിറഞ്ഞ കാവ്യകേളിയിൽ മത്സരിക്കാനെത്തിയത് ഒരേയൊരു ആൺകുട്ടി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലായി മുപ്പതോളം വിദ്യാർഥികൾ മത്സരിച്ചു. എച്ച്എസ് വിഭാഗത്തിൽ മത്സരിച്ച തൃശൂർ പള്ളിശ്ശേരി എസ്എൻഡിപി എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥി അഭിനവ് മാത്രമാണ് കൂട്ടത്തിലെ ഒരേയൊരു ആൺകുട്ടി. കഥകളി സംഗീതത്തിലും അഭിനവ് എ ഗ്രേഡ് നേടി. തൃശൂർ പാറക്കടവ് കെ.കെ.ബാബുവിന്റെയും അമ്പിളി ബാബുവിന്റെയും മകനാണ്.
വളരും, ഉയരും ഞാൻ നാടാകെ
തിരുവനന്തപുരം ∙ ‘ദെയ്തയുടെ ഉയരം’ എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അത്രയുമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ് വിഭാഗം നാടോടിനൃത്തത്തിലാണ് തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സെന്റ് മേരീസ് ജിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ദെയ്ത മത്സരിച്ചത്. വളർച്ചാ ഹോർമോണിന്റെ കുറവുകാരണം സാധാരണ കുട്ടികളുടെ അത്രയും ഉയരം ദെയ്തയ്ക്കില്ല. എന്നാൽ, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നു ദെയ്ത നേട്ടങ്ങളിലൂടെ തെളിയിക്കുകയാണ്. 9 വർഷമായി നൃത്തം പഠിക്കുന്നു. പാട്ട്, പ്രസംഗം തുടങ്ങി എല്ലാ മത്സരങ്ങളിലും ദെയ്ത ആദ്യം ഉണ്ടാവും. ഇവന്റ് മാനേജ്മെന്റ് നടത്തുന്ന ചൊവ്വന്നൂർ തൻട്രാശേരി വീട്ടിൽ അഭിലാഷിന്റെയും ധനതയുടെയും മകളാണ് ഈ മിടുക്കി.
ആദ്യ വരവിൽ തന്നെ
തിരുവനന്തപുരം ∙ അറബനമുട്ടിൽ ആദ്യമായി പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ തന്നെ എ ഗ്രേഡ് നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ടീം. മറ്റു പല ഇനങ്ങളിലും മുൻപുതന്നെ സംസ്ഥാന കലോത്സവത്തിൽ സ്കൂളിനു പങ്കെടുത്തുണ്ടെങ്കിലും ഹൈസ്കൂൾ അറബനമുട്ടിൽ ആദ്യമായാണു യോഗ്യത നേടുന്നത്. 8, 9 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമേ ടീമിലുള്ളൂ. സജിൻ മുറ്റിച്ചൂർ ആണ് പരിശീലകൻ.