ആഹ്ലാദത്തിലാണ് നാട്; മിന്നി മിന്നി ചെന്ത്രാപ്പിന്നി
Mail This Article
ചെന്ത്രാപ്പിന്നി ∙ തൃശൂർ സ്വർണ കിരീടം നേടിയപ്പോൾ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിന്റെ നേട്ടത്തിൽ ആഹ്ലാദത്തിലാണ് നാടും. വർഷങ്ങളായി സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകുന്ന ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ 14 ജനറൽ ഇനങ്ങളും 2 അറബിക് കലോത്സവം ഇനങ്ങളിലുമായി 76 കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത്.ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് കവിതാ രചന, ഉറുദു ഉപന്യാസം മലയാളം കഥ രചന, മാർഗംകളി, ഒപ്പന, പൂരക്കളി ദഫ് മുട്ട്, നാടകം എന്നിവയിലും ഹൈസ്കൂൾ വിഭാഗത്തിൽ ചവിട്ടുനാടകം, കാർട്ടൂൺ, നാടോടി നൃത്തം എന്നിവയിലും അറബിക് കലോത്സവത്തിൽ അറബിക് പോസ്റ്റർ, അറബിക് നാടകം എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്.
വലപ്പാട് ഉപജില്ലയിൽ 5 വർഷങ്ങളിലായി ജേതാക്കളാണ് ചെന്ത്രാപ്പിന്നി സ്കൂൾ. കുട്ടികളെ കലാരംഗത്ത് ഉറപ്പിച്ച് നിർത്താനും സ്കൂൾ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്.3 വർഷമായി എച്ച് എസ് എസ് വിഭാഗം, അറബിക് നാടകം, സംസ്കൃത നാടകം എന്നിവ സംവിധാനം ചെയ്യുന്നതും നാടകത്തിന്റെ അണിയറയിൽ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നതെല്ലാം ഇവിടത്തെ പൂർവ വിദ്യാർഥികളായ ബിനിൽ, വിഷ്ണു, ഉജ്വൽ തുടങ്ങിയവരടങ്ങിയ ടീം ആണ്. നാടകത്തിനു കഥയെഴുത്ത് മലയാളം അധ്യാപകൻ കൂടിയായ പ്രിൻസിപ്പൽ ശ്രീജിഷ് മാഷും. സംഘഗാനത്തിനും ദേശഭക്തിഗാനത്തിനും കുട്ടികൾക്ക് പരിശീലനം നൽകുന്നത് സ്കൂളിലെ പൂർവ വിദ്യാർഥിയും സംസ്ഥാന കലോത്സവ വിജയി കൂടിയായ സംഗീതാധ്യാപകൻ സ്വേധിലാണ്.