സകലകലാവല്ലഭൻ; വാദ്യക്കാരനായും മികവ്
Mail This Article
പെരുമ്പിലാവ് ∙ ജയചന്ദ്രൻ എന്ന പാട്ടുകാരന്റെ ഉള്ളിലെ വാദ്യക്കാരൻ വർഷങ്ങൾക്കു ശേഷം ഉണർന്നു, 9 വർഷങ്ങൾക്കു മുൻപ്. ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്റെ കരിക്കാടുള്ള വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയതായിരുന്നു ഭാവഗായകൻ. കുശലം സംഗീതത്തിലേക്കും പഴയ പാട്ടുകളിലേക്കും പകർന്നാടുന്നതിനിടയിലാണു മേള കലാകാരൻ കക്കാട് രാജപ്പന്റെ വരവ്. അതോടെ ജയചന്ദ്രനിലെ വാദ്യക്കാരൻ ഉണർന്നു. ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട്ക്ഷേത്രത്തിൽ കൊട്ടിയതിന്റെ വിശേഷങ്ങളായി പിന്നെ.
ഉത്സവത്തിന് താനും കുടുംബാംഗങ്ങളും ചേർന്നാണ് മേളം അവതരിപ്പിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ചെണ്ട സ്വയം പരിശീലിച്ചതാണ്. മൃദംഗം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നതിനാൽ വഴക്കത്തിനു താമസമുണ്ടായില്ല. രാജപ്പന്റെ കാറിൽ ചെണ്ടയുണ്ടെന്ന് അറിഞ്ഞപ്പോൾ വീണ്ടും കൊട്ടാൻ മോഹം. കാൽനൂറ്റാണ്ട് മുൻപു കൊട്ടിയതാണ് നേരെയാകുമോ എന്ന് ഉറപ്പില്ല എന്നു പറഞ്ഞ് ചെണ്ടയെടുത്ത് തോളിൽ തൂക്കി. പതികാലത്തിൽ തുടങ്ങി കൊട്ടിക്കയറിയപ്പോൾ രാജപ്പനും ഹരിനാരായണനും ഒപ്പം കൂടി. ഏറെ നേരം കൊട്ടി ആസ്വദിച്ച ശേഷമാണ് അവസാനിപ്പിച്ചത്.