പാഞ്ഞാൾ പഞ്ചായത്തിൽ ഏറെയും തകർന്ന റോഡുകൾ; ദുരിതം പേറി യാത്രക്കാർ
Mail This Article
പാഞ്ഞാൾ ∙ പാഞ്ഞാൾ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ എല്ലാവർക്കും ദുരിതമാകുന്നു. പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ മണലാടി - വെട്ടിക്കാട്ടിരി റോഡാണ് തകർച്ചയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 2020 മുതൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡ് ഇന്നു പൂർണമായി തകർന്നു കിടക്കുകയാണ്. നാലു കിലോമീറ്റർ വരുന്ന ഈ റോഡ് കലുങ്ക് നിർമാണത്തിന്റെയും വീതി കൂട്ടലിന്റെയും ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചതോടെ വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് ഇപ്പോൾ പൂർണമായി തകർന്ന് അപകടാവസ്ഥയിലാണ്.
മറ്റൊരു പ്രധാന റോഡായ കിള്ളിമംഗലം ഉദുവടി - പൈങ്കുളം സ്കൂൾ വരെയുള്ള ഏഴ് കിലോമീറ്റർ റോഡ് ഏഴ് കോടിയോളം രൂപ ചെലവഴിച്ച് മാസങ്ങൾക്ക് മുൻപ് പുനർനിർമാണം പൂർത്തിയാക്കിയെങ്കിലും കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കിള്ളിമംഗലം പാലത്തിനു സമീപം റോഡിലൂടെ ജലം കുത്തിയൊഴുകിയെത്തിയതിനെ തുടർന്ന് ടാറിങ് അടർന്ന് തകർച്ചയുടെ വക്കിലാണ്. ഇതും പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിന്റെ കീഴിലുള്ള റോഡാണ്.
പഞ്ചായത്തിലെ മറ്റു പ്രധാന റോഡുകളായ പാഞ്ഞാൾ - പൈങ്കുളം ദളപതി റോഡ്, പാഞ്ഞാൾ - കിള്ളിമംഗലം റോഡ്, കാട്ടിൽക്കാവ് - ആറ്റൂർ റോഡ് തുടങ്ങിയ എല്ലാ റോഡുകളും തകർന്ന് അപകടാവസ്ഥയിലാണ്. ഇതിനു പുറമേ ജലജീവൻ മിഷൻ പദ്ധതിക്കായി ഒരു വർഷം മുൻപ് പഞ്ചായത്തിലെ വിവിധ പ്രദേങ്ങളിലെ റോഡിലൂടെ എടുത്ത കുഴികൾ കാരണം റോഡ് തകർന്ന് അപകടക്കെണിയായി തുടരുന്നു. പാഞ്ഞാളിൽ വർഷങ്ങളായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ടതിൽ പാഞ്ഞാൾ പഞ്ചായത്തും പൊതുമരാമത്ത് വിഭാഗവും തുല്യ കാരണക്കാരാണെന്ന് നാട്ടുകാർ പറഞ്ഞു.