കൊരട്ടിയിലും ചാലക്കുടിയിലും സ്വർണക്കപ്പിന് സ്വീകരണം
Mail This Article
കൊരട്ടി ∙ സംസ്ഥാന കലോത്സവത്തിലെ ജേതാക്കളായ തൃശൂരിന്റെ സ്വർണ കപ്പിന് ജില്ലയിൽ ആവേശം നിറഞ്ഞ വരവേൽപ്. ആർപ്പും കുരവയും വാദ്യമേളങ്ങളുമായി കാത്തു നിന്ന വിദ്യാർഥികളുടെ ആവേശം സ്വർണ കപ്പ് കൺമുൻപിലെത്തിയപ്പോൾ അണ പൊട്ടി. ദേശീയപാതയോരത്തു പാഥേയത്തിനു സമീപം ഒരുക്കിയ വരവേൽപ്പിൽ ആഹ്ലാദനൃത്തം ചവിട്ടിയും വർണബലൂണുകൾ പറത്തിയും ആർത്തു വിളിച്ചും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ ആവേശത്തിന്റെ തിരയിളക്കമുണ്ടാക്കി.
കാൽനൂറ്റാണ്ടിനു ശേഷം ജില്ലയ്ക്കു ലഭിച്ച ഈ അഭിമാനവിജയം, മത്സരിച്ചു തിളക്കം പകർന്ന കുട്ടികളും അവരെ പരിശീലിപ്പിച്ചും ഏകോപിപ്പിച്ചും വിജയത്തിലേക്കു നയിച്ച അധ്യാപകരും രക്ഷിതാക്കളും പരിശീലകരും അടക്കമുള്ളവരുടേതു കൂടിയാണെന്നു സ്വീകരണം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, വി.ആർ.സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, തഹസിൽദാർ കെ.എ.ജേക്കബ് ഡിവൈഎസ്പി കെ.സുമേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.കെ.അജിതകുമാരി, ഡിഇഒ ഷൈല, എഇഒ പി.ബി.നിഷ, സാജു ജോർജ്, കെ.എം.അനിലാഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.സുമേഷ്, നൈനു റിച്ചു, ഷിമ സുധിൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി ∙ അഭിമാനത്തിന്റെ സുവർണ ശോഭയുമായി എത്തിയ സ്വർണ കപ്പിനു സൗത്ത് ജംക്‌ഷനിൽ സ്വീകരണം നൽകി. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭാ ഉപാധ്യക്ഷ ആലീസ് ഷിബു, സ്ഥിരസമിതി അധ്യക്ഷൻ എം.എം.അനിൽകുമാർ, നഗരസഭ കൗൺസിലർമാരായ നിത പോൾ, ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് താണിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്.
അനുമോദിച്ചു
ചെന്ത്രാപ്പിന്നി ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിനെ എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല സ്വർണ കപ്പ് നേടിയപ്പോൾ അതിൽ 63 പോയിന്റ് സമ്മാനിച്ചത് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളായിരുന്നു. കലോത്സവത്തിൽ തിളങ്ങിയ വിദ്യാർഥികളെയും മത്സര വിജയത്തിനായി പ്രയത്നിച്ച അധ്യാപകരെയും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബുവും മറ്റു അംഗങ്ങളും ചേർന്ന് ആദരിച്ചു. പിടിഎ പ്രസിഡന്റ് എ.വി.പ്രദീപ് ലാൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് വി.കെ.ജ്യോതിപ്രകാശ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.ആർ.നിഖിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗമി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്.ബാബു, പി.എ. ഷെമീർ, ഷൈജ ഷാനവാസ്, സജീഷ് സത്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, പ്രധാന അധ്യാപകൻ കെ.എസ്.കിരൺ, അധ്യാപകരായ ബിജു മോഹൻ ബാബു, എസ്. പ്രമോദ്, ടി.എൻ. സിജിൽ, വി.എ.സ്വേദിൽ, വി.എ. രശ്മി, എം.വി.പ്രദീപ്, ഇ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.