ആഡംബരമില്ലാത്ത ഭക്തൻ; ഗുരുവായൂരപ്പനാണെല്ലാം
Mail This Article
ഗുരുവായൂർ ∙ ഗുരുവായൂരപ്പനാണ് എനിക്കെല്ലാം– എവിടെയും പി.ജയചന്ദ്രൻ മടിയില്ലാതെ പറഞ്ഞിരുന്നു. ഇടയ്ക്കിടെ ഗുരുവായൂരിൽ തൊഴാൻ എത്തും. ആഡംബരങ്ങൾ ഒട്ടുമില്ലാതെ, കാവി മുണ്ടും മഞ്ഞഷാളുമിട്ട് സാധാരണ ഭക്തനായി നടന്നുപോകുന്നത് മലയാളത്തിന്റെ മഹാഗായകനെന്ന് ആളുകൾ തിരിച്ചറിയാൻ വൈകും. അത്ര സിംപിൾ. കദളിപ്പഴം സമർപ്പിച്ചു തൊഴും. തൊടാൻ അൽപം കളഭം നിർബന്ധം. പ്രസാദ ഊട്ട് കഴിക്കും. നേദ്യച്ചോറ് കിട്ടിയാൽ സന്തോഷം. പാൽപായസവും ഏറെ ഇഷ്ടം. കൂടെ ഗുരുവായൂരിലെ സാംസ്കാരിക പ്രവർത്തകരായ ബാബുരാജോ സജീവൻ നമ്പിയത്തോ ഉണ്ടാകും. കഴിഞ്ഞ പിറന്നാളിന് ഗുരുവായൂരിൽ നിന്ന് പാൽപായസം എത്തുന്നതു വരെ ഊണ് കഴിക്കാതെ കാത്തിരുന്നു. ബാബുരാജും കെ.പി.ഉദയനുമാണ് പാൽപായസം എത്തിച്ചത്.
കോവിഡ് കാലത്ത് ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം.കൃഷ്ണദാസിന്റെ അഭ്യർഥന അനുസരിച്ച് നഗരസഭയുടെ അരികെ എന്ന പരിപാടിയിൽ പാടിയിരുന്നു. രോഗബാധിതനായ പി.ജയചന്ദ്രൻ ഒടുവിൽ പാടിയത് ഗുരുവായൂരിൽ, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം എന്ന പാട്ട്. അവസാനമായി റെക്കോഡ് ചെയ്തതും കണ്ണനെ കുറിച്ചുള്ള പാട്ടായിരുന്നു. ‘നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ’ എന്നു തുടങ്ങുന്ന ഗാനം.
ബി.കെ.ഹരിനാരായണൻ എഴുതി കല്ലറ ഗോപൻ സംഗീത സംവിധാനം ചെയ്ത ആ പാട്ടിൽ ആത്മാംശമായി ജയചന്ദ്രൻ ഇങ്ങനെ പാടുന്നു. എന്റെ ജീവാണുവിൽ ഓരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ.. അവസാന വരി ഇങ്ങനെ.. ‘ മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേകബന്ധു ശ്രീകാന്തൻ’. ശ്രീകാന്തൻ എന്ന മഹാവിഷ്ണുവിൽ ആ നാദം ലയിച്ചു.