പെരുവനത്തിന്റെ നഷ്ടം
Mail This Article
ചേർപ്പ് ∙പി.ജയചന്ദ്രൻ വിടവാങ്ങുമ്പോൾ, പാതിവഴിയിൽ നിലച്ചുപോയ അദ്ദേഹത്തിന്റെ ഒരാഗ്രഹം പൂർത്തിയാക്കി നൽകുവാൻ സാധിക്കാത്ത വിഷമത്തിലാണ് പെരുവനം ഗ്രാമവാസികൾ. കഴിഞ്ഞ ഫെബ്രുവരി 18ന് ചേർപ്പിലെ നൊസ്റ്റാൾജിയ എന്ന സംഗീത കലാസ്വാദക കൂട്ടായ്മ ജയചന്ദ്രനെ ആദരിക്കുന്നതിനായി മഹാത്മ മൈതാനിയിൽ ‘മല്ലികപ്പൂവിൻ മധുരഗന്ധം’ എന്ന പേരിൽ വലിയ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനെത്തുമെന്ന് സംഘാടകർക്ക് വാക്കു നൽകിയ അദ്ദേഹം ഏതാനും ഗാനങ്ങൾ കൂടി ആലപിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. അതിനിടയിൽ അദ്ദേഹം ആശുപത്രിയിലായി.
പരിപാടിയുടെ തലേന്ന് അദ്ദേഹത്തെ പോയി കണ്ട സംഘാടകരോട് എത്തുമെന്ന് ഉറപ്പു നൽകി. അവശത വകവയ്ക്കാതെ അദ്ദേഹം ചേർപ്പിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ കണിമംഗലത്ത് എത്തിയപ്പോൾ വയറുവേദന കലശലായതിനെ തുടർന്ന് മടങ്ങി. പോകുംവഴി കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ജയചന്ദ്രന്റെ പാട്ട് ആസ്വദിക്കുവാൻ തടിച്ചുകൂടിയ നാട്ടുകാർ നിരാശരായെങ്കിലും വേഗം സുഖം പ്രാപിക്കണേയെന്ന പ്രാർഥനയോടെ ജനം പിരിഞ്ഞുപോകുകയായിരുന്നു. പിറ്റേന്ന് ചടങ്ങിന്റെ സംഘാടകരായ സുജോ പുറത്തൂക്കാരൻ, രാമചന്ദ്രൻ കിഴക്കൂട്ട്, പ്രശാന്ത് കിഴക്കൂട്ട്, കെ.ഡി.രമേഷ് എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തി പുരസ്കാരം കൈമാറുകയായിരുന്നു.