ഗായകൻ പോയി; വരികൾ അനാഥമായി
![thrissur-p-jayachandran-muralidharan പി. ജയചന്ദ്രനോടൊപ്പം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ മുരളീധരൻ അഷ്ടമിച്ചിറ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2025/1/10/thrissur-p-jayachandran-muralidharan.jpg?w=1120&h=583)
Mail This Article
മാള ∙ പി.ജയചന്ദ്രൻ വിട വാങ്ങുമ്പോൾ പ്രിയ സൗഹൃദം കൂടി മറയുന്നതിന്റെ വേദനയിലാണ് കവിയും ഗാനരചയിതാവും സംഗീതാധ്യാപകനും ആയ മുരളീധരൻ അഷ്ടമിച്ചിറ. 90കളുടെ തുടക്കത്തിൽ ജയചന്ദ്രന് വേണ്ടി പ്രണയഗാനങ്ങളും ലളിത ഗാനങ്ങളും എഴുതി സംഗീതം നൽകിയിട്ടുണ്ട് മുരളീധരൻ. തൃശൂർ ചേതനയിൽ സംഗീതാധ്യാപകനായിരുന്ന കാലം മുതലുള്ള സൗഹൃദമാണ് ഇരുവരുടെയും. 1992ൽ സംഗീത കമ്പനിയായ ധമനി പുറത്തിറക്കിയ 'കണിപ്പൂക്കൾ' എന്ന സംഗീത ആൽബത്തിലെ 8 ഗാനങ്ങൾ രചിച്ചതും സംഗീതം നൽകിയതും മുരളീധരനായിരുന്നു. അതിൽ 5 ഗാനങ്ങളും പാടിയത് പി. ജയചന്ദ്രനായിരുന്നു.
ഈ ആൽബത്തിലെ 'മുകിലേ നിൻ ആത്മാവിൽ' എന്ന ഗാനം അക്കാലത്തെ യുവജനോത്സവ വേദികളിൽ ഒട്ടേറെ പേർ ആലപിച്ചിരുന്നു. 'ആലംബനാദം മൂകമായി’, 'നഷ്ടസൗഭാഗ്യത്തിൻ സ്വർഗീയസ്മൃതി’, 'രാവിൽ അറിയാതെ കണ്ണന്റെ പൂഞ്ചേല' എന്നീ ഗാനങ്ങളും സംഗീതാസ്വാദകരുടെ ഇഷ്ടഗാനങ്ങളായി മാറി. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ശിവഭക്തിഗാനത്തിനു വേണ്ടിയാണ് ഇരുവരും ഒടുവിൽ ഒരുമിച്ചത്. വലുപ്പച്ചെറുപ്പങ്ങളില്ലാതെ തന്നെ 'മാഷേ' എന്നു വിളിക്കുന്ന ഭാവഗായകന്റെ തിരിച്ചു വരവിൽ പാടാനുള്ള ഗാനങ്ങൾ ഒരുക്കാനുള്ള ആലോചനയുണ്ടായിരുന്നുവെന്നും മുരളീധരൻ പറയുന്നു.