ADVERTISEMENT

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ തിരിമറികളുടെ റിപ്പോർട്ട് പുറത്ത്. നാട്ടുകാരനായ കുലപ്പറമ്പിൽ രാജേഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണു വർഷങ്ങളായി നടത്തിയ കെടുകാര്യസ്ഥതകളുടെ വിവരങ്ങൾ ഉള്ളത്.സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ആളുകളെ ഒഴിവാക്കി യോഗ്യത ഇല്ലാത്ത താൽക്കാലിക ജീവനക്കാരെ നിയമിച്ചതു മുതൽ കൃത്യമായി കണക്കു രേഖപ്പെടുത്താതെ വൻ തുകകൾ ചെലവഴിച്ചതു വരെ ഒട്ടേറെ അഴിമതികളാണ് 5 വർഷത്തിനിടയിൽ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

നാട്ടുകാരുടെ പരാതിയെത്തുടർന്നു ഡപ്യൂട്ടി ഡിഎംഒ അടക്കമുള്ള സംഘം അന്വേഷണം നടത്തി 2023 മേയിൽ റിപ്പോർട്ട് നൽകിയിരുന്നു. അച്ചടക്ക ലംഘനം നടത്തിയതിന് അന്ന് മെഡിക്കൽ ഓഫിസർ ആയിരുന്ന ഡോ.എൻ.അഭിലാഷിനെതിരെ കുറ്റപത്രവും സമർപ്പിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ വേതന വർധന 2 വർഷത്തേക്കു തടഞ്ഞ് ആരോഗ്യ ഡയറക്ടർ 2 മാസം മുൻപ് ഉത്തരവിട്ടു. കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 3 ഡോക്ടർമാർ അടക്കം മിക്ക ഉദ്യോഗസ്ഥരും സമയക്രമം പാലിച്ചിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

ഡിഎംഒ ഓഫിസിൽ നിന്ന് സംഘം പരിശോധനയ്ക്ക് എത്തിയ ദിവസവും പ്രധാന ഡോക്ടർ വൈകിയാണ് എത്തിയത്.ലാബ് ടെക്നിഷ്യനായി ഉണ്ടായിരുന്ന താൽക്കാലിക ജീവനക്കാരി ലാബ് പൂട്ടി താക്കോൽ കൊണ്ടുപോകുകയാണു പതിവ്. ഇവർ ഇല്ലാത്ത ദിവസങ്ങളിൽ ലാബ് പരിശോധനകൾ നടത്താൻ സാധിക്കാറില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

പ്രാദേശികമായി സാധനങ്ങൾ വാങ്ങുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും സ്റ്റോറിൽ നിന്ന് ഉപകരണങ്ങൾ കൈപ്പറ്റുന്നവർ അതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പാലിയേറ്റീവ് മരുന്നുകൾ വാങ്ങിയതിന് 2,28,000 രൂപ നൽകിയിട്ടുണ്ടെങ്കിലും ബിൽ ഇല്ലായിരുന്നു. കടവല്ലൂർ പഞ്ചായത്തിൽ നിന്നും നൽകിയ 2,37,000 രൂപയുടെ ചെക്കുകൾ കാഷ് റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണം നേരിട്ട പ്രധാന ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം സ്ഥലം മാറ്റിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com