ഓർമയിൽ നിലയ്ക്കാതെ ഓരോ പാട്ടും..; പി.ജയചന്ദ്രനെ ഒപ്പം നടന്നവർ ഓർത്തെടുക്കുന്നു
Mail This Article
ഇഷ്ടഗായകനെ നഷടമാകുമ്പോൾ; കലാമണ്ഡലം ഗോപി
ഇടയ്ക്കിടെ കാണാറുള്ളവരാണു ഞങ്ങൾ. എന്നാൽ അവസാനകാലത്ത് നേരിൽ കാണാൻ കഴിഞ്ഞില്ലെന്നൊരു ദുഃഖമുണ്ട്. അദ്ദേഹവുമായി നല്ല ആത്മബന്ധമാണ്. ആദ്യം മുതലേ എന്നെ ഗോപിയേട്ടാ എന്നേ വിളിക്കൂ. അദ്ദേഹത്തിന്റെ 70–ാം പിറന്നാൾ ആഘോഷത്തിനു മുൻപേ ഒരിക്കൽ വീട്ടിൽവന്നിരുന്നു. കുറച്ചുകാലം മുൻപ് അദ്ദേഹത്തിന്റെ പാട്ടിന്റെ റെക്കോർഡിങ്ങ് കേൾക്കാൻ ഞാൻ പോയിരുന്നു. കണ്ടപ്പോൾ കെട്ടിപ്പിടിച്ചു. ഏതാനും വർഷം മുൻപ് ഗീതം സംഗീതത്തിന്റെ അവാർഡ് ജയചന്ദ്രനു സമ്മാനിച്ചതു ഞാനാണ്. സംഗീതം കൈകാര്യം ചെയ്യുന്നവർക്കും കേൾക്കുന്ന എന്നെപ്പോലുള്ളവർക്കും നികത്താനാകാത്ത നഷ്ടമാണ് ജയന്റെ വേർപാട്. ഏതൊരു പാട്ടു കിട്ടിയാലും അതിനെ അങ്ങേയറ്റം ഭാവരൂപേണ പാടിയ ഗായകനാണ്. ഇത്തരം ഭാവഗായകർ എപ്പോഴും ഉണ്ടായെന്നുവരില്ല.
ആലാപന മാജിക് ! രമേശ് നാരായൺ
12–ാം വയസ്സിൽ കൂത്തുപറമ്പിൽ ജീവിതത്തിൽ ആദ്യമായി ഒരു ഗാനമേളയിൽ പാടാൻ അവസരം ലഭിച്ചപ്പോൾ പാടിയത് പി.ജയചന്ദ്രന്റെ പാട്ടായിരുന്നു; ‘ചന്ദനത്തിൽ കഞ്ഞെടുത്തൊരു സുന്ദരീ ശിൽപം’. സ്കൂൾ വിദ്യാർഥിയായിരിക്കെ മാഷ് എന്നെക്കൊണ്ട് കൂടുതൽ പാടിച്ചിരുന്നതും ജയേട്ടന്റെ ഒരു പാട്ട് തന്നെ; സുപ്രഭാതം.. അവിടെ തുടങ്ങുന്നതാണ് ജയചന്ദ്രൻ എന്ന പാട്ടുകാരനുമായുള്ള എന്റെ ബന്ധം. പിന്നീട് അദ്ദേഹം ആകാശവാണിയിൽ പാടാനായി വരുമ്പോൾ ചില പാട്ടുകൾക്ക് സിത്താർ വായിച്ചതും ഞാനായിരുന്നു. പരിചയപ്പെടുന്നത് അവിടെവച്ചാണ്.
മേഘമൽഹാർ എന്ന ചിത്രത്തിനു വേണ്ടി ചെയ്ത പാട്ടുകളിലൊന്ന് ജയേട്ടനെക്കൊണ്ട് പാടിക്കാമെന്ന് നിർദേശിച്ചത് സംവിധായകൻ കമൽ ആണ്. പൊന്നുഷസ്സിൻ... എന്ന പാട്ട് അത്രയ്ക്ക് ശ്രദ്ധേയമാകുമെന്ന് അത് സംഗീതം ചെയ്യുമ്പോൾ കരുതിയിരുന്നില്ല. അതാണ് ജയേട്ടന്റെ ആലാപന മാജിക്. ഏറ്റവും ശ്രദ്ധേയമായത് ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിനു വേണ്ടി പാടിയ ശാരദാംബരം ചാരു ചന്ദ്രിക.. എന്ന പാട്ടായിരുന്നു. പിന്നീട് ചില ഭക്തിഗാനങ്ങളും പാടി.
വഴികാട്ടിയ പാട്ടുകാരൻ... ; ഗായത്രി അശോകൻ
കേട്ടു വളർന്ന പാട്ടുകാരനെ ഞാൻ ആദ്യം കണ്ടത് എന്റെ വീട്ടിൽവച്ചാണ്. ഡോക്ടറായ എന്റെ അച്ഛനെ കാണാൻ വന്നതായിരുന്നു അദ്ദേഹം. അന്നു ഞാൻ കോളജിലാണ്. എനിക്ക് സംഗീതത്തിൽ താൽപര്യമുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം പാടാൻ ആവശ്യപ്പെട്ടു. സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ ഞാൻ ഒരു ഗസൽ പാടി. ഇഷ്ടഗായകനെ ആദ്യമായി കാണുന്നതിന്റെ അമ്പരപ്പുണ്ടായിരുന്നതിനാൽ അൽപം സംശയത്തോടെയാണ് ഞാൻ പാടിയതെങ്കിലും അദ്ദേഹത്തിനൊരു സംശയവുമുണ്ടായിരുന്നില്ല ‘‘ ഈ കുട്ടിയെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കണം’’.
ഗസലുകൾ ഇഷ്ടമാണെന്നല്ലാതെ പഠിക്കുന്നതിനെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടിലില്ലായിരുന്നു. വെറുമൊരു ഭംഗിവാക്കു പറഞ്ഞതല്ല എന്നു തെളിയിച്ച അദ്ദേഹം വീണ്ടും ഞങ്ങളെ അതുഭ്തപ്പെടുത്തി. പ്രശസ്ത ഗസൽ ഹിന്ദുസ്ഥാനി ഗായകനായിരുന്ന സുരേഷ് വഡേക്കറെ അദ്ദേഹം അപ്പോൾത്തന്നെ വിളിച്ചു. സുരേഷ് വഡേക്കറിന്റെ ഭാര്യ മലയാളിയും ജയചന്ദ്രന്റെ ബന്ധുവുമാണ്. എന്നെ പഠിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് വഡേക്കറിന്റെ ചില അസൗകര്യം കാരണം പഠിത്തം തുടങ്ങാൻ വൈകിയെങ്കിലും ജയേട്ടന്റെ നിരീക്ഷണം സ്വന്തം വഴി തിരഞ്ഞെടുക്കാൻ എനിക്ക് ആത്മവിശ്വാസം നൽകി.
ഡ്രീംസ് എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചത്, കണ്ണിൽ കാശിത്തുമ്പകൾ, കവിളിൽ കാവൽത്തുമ്പികൾ....’ എന്ന പ്രശസതമായ ഗാനം. പിന്നീട് എത്രയോ വേദികളിൽ ലൈവ് പ്രോഗ്രാമുകൾ അദ്ദേഹത്തോടൊപ്പം പാടി. ക്ഷേത്രവേദികളായാലും മെട്രോ നഗരങ്ങളായാലും അദ്ദേഹത്തിന് ഒരു ഭാവമേയുള്ളൂ; ‘ലാളിത്യം’. യാത്രകളിൽ അദ്ദേഹം ഏറെ സംസാരിച്ചതും സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചുമായിരുന്നു. അപ്പോൾ അദ്ദേഹം ഒരു വിദ്യാർഥിയാണെന്നു തോന്നു. സുശീലാമ്മയുടെയും റഫി സാഹിബിന്റെയുമൊക്കെ സിദ്ധികളെക്കുറിച്ച് അത്ഭുതംകൂറും. ഞാൻ മുബൈയിലേക്കു താമസം മാറിയതോടെ കൂടിക്കാഴ്ചകൾ കുറഞ്ഞു. എന്നാലും ഇടയ്ക്കു പാട്ടുകൾ അയച്ചൊകൊടക്കുമ്പോൾ അഭിപ്രായമറിയിക്കും. മനസ്സിലൊളിപ്പിച്ചിരുന്ന ഇഷ്ടം പുറത്തെടുത്തു സംഗീതലോകത്ത് ചെറിയൊരു ഇടം കണ്ടെത്താൻ എനിക്കു വഴികാട്ടിത്തന്നെ മഹാഗായകാ, മനസ്സുകൊണ്ടു നമസ്കരിക്കട്ടെ.
എന്നും പാട്ടിന്റെ കൂട്ടുകാരൻ...; പ്രദീപ്കുമാർ
തിരുവനന്തപുരം ∙ 'സിനിമാ മാസിക'യിൽ ഗായകൻ പി.ജയചന്ദ്രന്റെ വിലാസം കണ്ട് ജി.പ്രദീപ്കുമാർ കത്തയച്ചു– കാണാൻ ആഗ്രഹമുണ്ട്. സമയം അനുവദിക്കണം. 'നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തിഗാനങ്ങൾ പാടാൻ എത്തുന്നുണ്ട്. അവിടെ വന്നാൽ കാണാം' എന്ന് മറുപടി ലഭിച്ചു. 1982ൽ ശ്രീകൃഷ്ണ സന്നിധിയിൽനിന്നു തുടങ്ങിയതാണ് ഗായകൻ പി.ജയചന്ദ്രനും പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗർ വൈഷ്ണവത്തിൽ ജി.പ്രദീപ്കുമാറും തമ്മിലുള്ള ബന്ധം. ഒന്നര മാസം മുൻപ് അവസാനമായി ഫോണിൽ വിളിച്ചപ്പോഴും അതേ ഊഷ്മളത. ജയചന്ദ്രന്റെ പാട്ടുകളുടെ കടുത്ത ആരാധകനാണ് പ്രദീപ്. അദ്ദേഹത്തെ നേരിൽക്കാണാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.
തബല പഠിച്ച് ഗാനമേള ട്രൂപ്പിൽ കയറിക്കൂടിയാൽ ജയചന്ദ്രനെ പരിചയപ്പെടാമെന്ന് വിശ്വസിച്ച് തബല അഭ്യസിച്ചു. എന്നിട്ടും ആഗ്രഹം നടക്കാതെ വന്നപ്പോഴാണ് സിനിമാ മാസികയിലെ മേൽവിലാസത്തിൽ കത്ത് അയച്ചത്. നെയ്യാറ്റിൻകരയിൽ കണ്ടപ്പോൾ മലയിൻകീഴിലെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം അവിടെ വന്നു. പിന്നീട് തലസ്ഥാനത്ത് എത്തുമ്പോൾ പ്രദീപിന്റെ വീട്ടിലായിരുന്നു ജയചന്ദ്രന്റെ താമസം. പ്രദീപിന്റെ വീട്ടിലെ സ്റ്റുഡിയോയിൽ പി.ജയചന്ദ്രന്റെ പാട്ടുകൾ അടങ്ങിയ കസെറ്റുകളും സിഡിയും മാത്രമേയുള്ളൂ.