കപ്പ് ഇനി തൃശൂരിന്റെ ട്രഷറിയിൽ
Mail This Article
തൃശൂർ ∙ ആവേശത്തോടെ, ആരവങ്ങളോടെ, ആർപ്പുവിളികളോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സാംസ്കാരിക നഗരയിലെത്തി. ഇനി ഒരു വർഷം 117.5 പവന്റെ സുവർണ സമ്മാനം ജില്ലയ്ക്കു സ്വന്തം. 26 വർഷത്തിനു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയ ജില്ലയ്ക്കു ലഭിച്ച സ്വർണക്കപ്പ് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണു നഗരത്തിലെത്തിയത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ സ്വർണക്കപ്പിനെ കാത്ത് ഇന്നലെ രാവിലെ ജനപ്രതിനിധികളും സമീപ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും എത്തിയിരുന്നു. ഇവിടെ നിന്നു തുറന്ന വാഹനത്തിലായിരുന്നു ദേശീയപാത വഴി നഗരത്തിലേക്കുള്ള വിജയ പ്രയാണം.
കൊരട്ടിയിലെ സ്വീകരണത്തിനു ശേഷം ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നീ സെന്ററുകളിലും സ്വർണക്കപ്പിന് ഊഷ്മള വരവേൽപു നൽകി. ഉച്ചയോടെ സ്വരാജ് റൗണ്ടിലേക്കു പ്രവേശിച്ച ടീമിനു തൃശൂർ ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസ് പരിസരത്തും വൻ സ്വീകരണം. തുടർന്നു പ്രയാണം ഘോഷയാത്രയായി സേക്രഡ് ഹാർട്ട് എച്ച്എസ്എസിനു മുന്നിലൂടെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിൽ വലിയ ആഹ്ലാദാരാവങ്ങളോടെയാണു ഘോഷയാത്രയെ സ്വീകരിച്ചത്.
‘‘കപ്പടിച്ചേ..കപ്പടിച്ചേ...തൃശിവപേരൂർ കപ്പടിച്ചേ..., കെട്ടും ഞങ്ങൾ, കൊട്ടാരം കലാ കൊട്ടാരം, യോ...യോ...യോ തൃശൂരിനു യോ കൊടുക്ക്’’ തുടങ്ങിയ ആരവങ്ങളും ആർപ്പോ വിളികളും ടൗൺ ഹാൾ പരിസരത്തുയർന്നു. മന്ത്രി കെ.രാജൻ തുറന്ന വാഹനത്തിലെ പ്രയാണത്തിൽ ഉടനീളമുണ്ടായിരുന്നു. നഗരത്തിൽ എംഎൽഎമാരായ പി.ബാലചന്ദ്രൻ, യു.ആർ. പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അംഗം ജോസഫ് ടാജറ്റ്, ഡപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ. അജിതകുമാരി തുടങ്ങിയവരും വാഹനത്തിൽ ഒപ്പം ചേർന്നു.
ഒറിജിനലും തൃശൂരിൽ
ആഹ്ലാദ പ്രകടനത്തിലും ഘോഷയാത്രയിലും ജില്ലയ്ക്കു സമ്മാനിച്ച അസ്സൽ സ്വർണക്കപ്പുമുണ്ടായിരുന്നു. മടക്കിവച്ച പുസ്‌തകത്തിനു മീതെ, വളയിട്ട കയ്യിൽ ഉയർന്നു നിൽക്കുന്ന വലംപിരിശംഖ്–ഇതാണ് ഒറിജിനൽ സ്വർണക്കപ്പ്. മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിലാണ് അസ്സൽ കപ്പും തൃശൂരിലെത്തിച്ചത്. ടൗൺഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന ഒറിജിനൽ സ്വർണക്കപ്പ് പ്രദർശിപ്പിച്ചു. തുടർന്നു ജില്ലാ ട്രഷറിയിലേക്കു മാറ്റി. അടുത്ത അധ്യയന വർഷത്തെ സംസ്ഥാന കലോത്സവം വരെ സ്വർണക്കപ്പ് ട്രഷറിയിൽ സൂക്ഷിക്കും. ജില്ലയ്ക്കു ലഭിച്ച മറ്റു ട്രോഫികളും സമ്മാനങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു.
1008 പോയിന്റ്: ചരിത്രം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആയിരത്തിലധികം പോയിന്റുമായി ഒരു ജില്ല ഓവറോൾ ജേതാക്കളാകുന്നത് കലോത്സവ ചരിത്രത്തിലാദ്യമാണ്. 1008 പോയിന്റാണ് തൃശൂർ നേടിയത്. റണ്ണറപ്പായ പാലക്കാട് ജില്ല 1007 പോയിന്റും നേടി. ആയിരം പോയിന്റിലധികം നേടി സ്വർണക്കപ്പ് സ്വന്തമാക്കിയ ആദ്യ ജില്ലയാണു തൃശൂർ. ആകെ 249 മത്സര ഇനങ്ങളാണുണ്ടായിരുന്നത്. ജില്ല 248 ഇനങ്ങളിൽ മത്സരിച്ചു. ഇതിൽ 240 ഇനങ്ങളിൽ എ ഗ്രേഡും 8 ഇനങ്ങളിൽ ബി ഗ്രേഡും സ്വന്തമാക്കി.
‘സുവർണോത്സവം’ നടത്തും; സംസ്ഥാനതലത്തിൽ മത്സരിച്ച കുട്ടികളുടെ പ്രകടനം ആസ്വദിക്കാൻ പ്രത്യേക കലാപരിപാടി സംഘടിപ്പിക്കുമെന്നു മന്ത്രി കെ.രാജൻ
തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവ കിരീട നേട്ടത്തോടെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ സുവർണ ശോഭ ഉയരുകയാണെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. സ്കൂൾ കലോത്സവത്തിൽ ഓവറോൾ ജേതാക്കളായ ജില്ലാ ടീമിനും കലാപ്രതിഭകൾക്കും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തിൽ മത്സരിച്ച കുട്ടികളുടെ പ്രകടനം എല്ലാവർക്കും ആസ്വദിക്കാൻ തൃശൂരിൽ ‘സുവർണോത്സവം’ പ്രത്യേക കലാപരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കുട്ടികളെ കലോത്സവത്തിനായി ഒരുക്കിയ അധ്യാപകരെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മന്ത്രി അനുമോദിച്ചു.
പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ യു.ആർ. പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അംഗം ജോസഫ് ടാജറ്റ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ബിനോയ് ടി.മോഹൻ, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) ടി.മുരളി, കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷാജൻ, ഡിഎച്ച്എസ്ഇ ആർഡിഡി പി.ജി. ദയ, ഗവ.മോഡൽ ഗേൾസ് എച്ച്എസ് ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.