തൃശൂർ ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
ഗുരുവായൂർ ∙ ഇരിങ്ങപ്പുറം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 13ന് 10.30ന്.
പ്രയുക്തി മെഗാ തൊഴിൽ മേള നാളെ
തൃശൂർ ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, സെന്റ് മേരീസ് കോളജ് എന്നിവ ചേർന്നു പ്രയുക്തി മെഗാ തൊഴിൽമേള നാളെ നടത്തും. സെന്റ് മേരീസ് കോളജിൽ രാവിലെ 10ന് പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ എം.എൽ.റോസി അധ്യക്ഷത വഹിക്കും. ഐടി, ബാങ്കിങ്, ഫിനാൻസിങ്, ഹെൽത്ത്, വിദ്യാഭ്യാസം, ഓട്ടോമൊബൈൽസ്, മാർക്കറ്റിങ്, ഇൻഷുറൻസ് മേഖലയിലാണു തൊഴിലവസരങ്ങളെന്നു ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർ എൻ.വി.സമീറ, ഷാജു ലോനപ്പൻ, ഡോ.ജൂലി പി.ലാസർ എന്നിവർ അറിയിച്ചു.
കൊടുങ്ങല്ലൂർ താലപ്പൊലി 14ന് പ്രാദേശിക അവധി
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി ദിനമായ 14ന് താലൂക്കിലെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊയ്യ പഞ്ചായത്ത് ഒഴികെ ആണ് അവധി പ്രഖ്യാപിക്കാറുള്ളത്്. ഇൗ വർഷം തഹസിൽദാരുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം പൊയ്യ പഞ്ചായത്ത് പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തി. ഒന്നാം താലപ്പൊലി ദിനത്തിൽ കുഡുംബി സമുദായക്കാരുടെ പ്രത്യേക പൂജകൾ പതിവാണ്. കുഡുംബി സമുദായക്കാർ ഏറെ താമസിക്കുന്ന പൊയ്യ പഞ്ചായത്ത് പ്രദേശത്ത് കൂടി പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നു നേരത്തെ ആവശ്യമുയർന്നിരുന്നു.
തൃശൂർ ഫ്ലവർ ഷോ ഇന്നു മുതൽ 3
തൃശൂർ ∙ ഗ്രീൻ ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'തൃശൂർ ഫ്ലവർ ഷോ 2025' ഇന്നു മുതൽ 22 വരെ ശക്തൻ ഗ്രൗണ്ടിൽ നടത്തും. ഇന്നു വൈകിട്ട് ആറിന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. വിദേശത്തു നിന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച 50,000 പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവ കൂടാതെ പുഷ്പാലങ്കാര പ്രദർശനം, പെറ്റ് ഷോ, പുഷ്പരാജൻ, പുഷ്പറാണി മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, റോബട്ടിക് ഷോ, വെജിറ്റബിൾ കാർവിങ്സ്, കിഡ്‌സ് സോൺ, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഫ്ലവർ ഷോ കാണുന്നതിനു വീൽ ചെയറുകൾ സൗകര്യം നൽകും. 60 രൂപയാണു പ്രവേശന ഫീസ്. സ്കൂൾ വിദ്യാർഥികൾക്കായി 1 ലക്ഷം പാസുകൾ സൗജനമായി നൽകുമെന്നു പ്രസിഡന്റ് സെബി ഇരിമ്പൻ, സെക്രട്ടറി മനോജ് മുണ്ടപ്പാട്ട്, ട്രഷറർ സിജോ ദേവസി എന്നിവർ അറിയിച്ചു.
എംഫോർ മാരിയിൽ സൗജന്യമായിറജിസ്റ്റർ ചെയ്യാം; ഇന്ന് രാവിലെ 10 മുതൽ
ആളൂർ ∙ വിവാഹം ആലോചിക്കുന്ന യുവതീയുവാക്കൾക്ക് കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ് സൈറ്റായ എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ ഇന്ന് അവസരം. ആളൂർ ജംക്‌ഷനിലെ മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് അവസരം. പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധി പാക്കേജുകളിൽ അനുയോജ്യമായവ തിരഞ്ഞെടുത്തു പണം അടയ്ക്കുന്നതിനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട് ലഭിക്കും. ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. 9074556547.
ട്രാവൽ എക്സ്പോ നാളെ ആരംഭിക്കും
തൃശൂർ ∙ ഫോർച്യൂൺ ടൂർസ് ഒരുക്കുന്ന ട്രാവൽ എക്സ്പോ നാളെ ആരംഭിക്കും. 11, 12 തീയതികളിൽ ജോയ്സ് പാലസ് ഹോട്ടലിലാണ് എക്സ്പോ. സമയം രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെ. 30 ശതമാനം വരെ ഡിസ്കൗണ്ടിൽ ഓഫർ സർപ്രൈസുകൾ ആണ് യാത്രാപ്രേമികളെ കാത്തിരിക്കുന്നത്. ഏഴു ഭൂഖണ്ഡങ്ങളിലായി നൂറിൽപരം രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ ആണ് ഇവിടെ ലഭ്യമാവുക. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിനോദസഞ്ചാരത്തിൽ ജനപ്രിയമായ ലോകരാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ ബജറ്റിന് അനുയോജ്യമായി തിരഞ്ഞെടുക്കാൻ ഫോർച്യൂൺ ടൂർസ് വഴിയൊരുക്കുകയാണ്. 2025ൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസ്‌കൗണ്ട് ഓഫറുകളാണ് ഫോർച്യൂൺ ഒരുക്കുന്നത്.
ഡൽഹി, ആഗ്ര, ജയ്‌പൂർ, ഹൈദരാബാദ്, ലെ, ലഡാക്ക്, കശ്മീർ, അയോധ്യ, കുളു, മണാലി തുടങ്ങി യാത്രകൾ സ്വപ്നം കാണുന്നവർക്കും കൂടാതെ യൂറോപ്പ്, ഭൂട്ടാൻ, നേപ്പാൾ, ഈജിപ്‌ത്, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ദുബായ്, തുർക്കി, ചൈന, ജപ്പാൻ, റഷ്യ, ജോർജിയ, കൊറിയ, അന്റാർട്ടിക്ക തുടങ്ങി ഇന്റർനാഷനൽ യാത്രകൾ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ചതും വിശ്വസ്തവുമായ രീതിയിൽ യാത്ര ഇടം ഒരുക്കുകയാണ് ഫോർച്യൂൺ ടൂർസ്. യാത്രാപ്രേമികളെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ എത്തിച്ച് വിനോദസഞ്ചാര മേഖലയിൽ 18 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫോർച്യൂൺ ടൂർസ്. ഇന്ത്യയിലും പുറത്തുമായി ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും കയ്യൊപ്പ് പതിപ്പിച്ച ഫോർച്യൂണിന് ഒരു ലക്ഷത്തിലധികം സഞ്ചാരികളെ ലോകം കാണിച്ച പ്രവൃത്തിപരിചയമുണ്ട്.
ഗതാഗതം തടസ്സപ്പെടും
പാവറട്ടി ∙ താമരപ്പിള്ളി - ചൊവ്വല്ലൂർപടി റോഡ് നിർമാണം നടക്കുന്നതിനാൽ എളവള്ളി പഞ്ചായത്തിലെ പോൾമാസ്റ്റർപ്പടി മുതൽ ബ്രഹ്മകുളം റെയിൽവേ ഗേറ്റ് വരെ ഇന്നും നാളെയും ഗതാഗതം തടസ്സപ്പെടും. പൂവത്തൂർ സെന്ററിൽ കാനയുടെ നിർമാണം ഇന്നു തുടങ്ങുന്നതിനാൽ ഇൗ ഭാഗത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെടും. ചാവക്കാട് - പൂവത്തൂർ റോഡിൽ മാമാബസാറിൽ കലുങ്കിന്റെ പുനർനിർമാണം 15നു തുടങ്ങുന്നതിനാൽ അന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടുമെന്നും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വൈദ്യുതിമുടക്കം
പരിയാരം ∙ ഇന്ന് പൊകലപ്പാറ, വാഴച്ചാൽ മേഖലയിൽ രാവിലെ 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.