പാലിയേക്കര ടോൾപ്ലാസയിൽ ജീവനക്കാരന് മർദനം
Mail This Article
പാലിയേക്കര ∙ ടോൾപ്ലാസയിൽ ജീവനക്കാരനെ കാർ യാത്രികൻ ക്രൂരമായി മർദിച്ചു. സാരമായി പരുക്കേറ്റ കല്ലൂർ ഞെള്ളൂർ നമ്പാടൻ ഡേവിഡിനെ (37) പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.05നായിരുന്നു സംഭവം. ഫാസ്ടാഗ് ഇല്ലാതെ എത്തിയ കാറിലെ യാത്രക്കാർ ടോൾ നൽകാൻ വിസമ്മതിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു.
ടോൾ നൽകാതെ കടത്തിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബാരിക്കേഡ് തുറന്ന് വാഹനം കടത്തി വിടാത്തതിൽ ക്ഷുഭിതനായ യാത്രക്കാരൻ ടോൾ ബൂത്തിലുണ്ടായിരുന്ന ഡേവിഡിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ മറ്റു ടോൾ ജീവനക്കാർ എത്തുന്നത് കണ്ടതോടെ ടോൾ തുക അടച്ച് കാർ എടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പുതുക്കാട് പൊലീസിൽ ടോൾപ്ലാസ അധികൃതർ പരാതി നൽകി.