പി.ജയചന്ദ്രന് തൃശൂരിന്റെ അന്ത്യാഞ്ജലി
Mail This Article
അമലനഗർ∙ കരൾ രോഗത്തെത്തുടർന്നുള്ള ചികിൽസയ്ക്കായി ഒരാഴ്ച മുൻപാണ് പി. ജയചന്ദ്രൻ അമല ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയത്. ഒൻപത് ദിവസത്തെ ചികിൽസ പൂർത്തിയാക്കി കഴിഞ്ഞ ബുധനാഴ്ചയാണ് പൂങ്കുന്നത്തെ വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കുമ്പോൾ ഡോക്ടർമാരും നഴ്സുമാരും ആവശ്യപ്പെട്ടതനുസരിച്ച് പാട്ടുപാടാനും പി.ജയചന്ദ്രൻ മറന്നില്ല.
ഏറെ ഇഷ്ടപ്പെട്ട തിളക്കം സിനിമയിലെ പാട്ടായ ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ, പ്രണയം വിടരും കരയാകും, കനകമയൂരം നീയാണെങ്കിൽ, മേഘ കനവായ് പൊഴിയും ഞാൻ’ എന്ന ഗാനം പാടിയത് ഇപ്പോഴും ഓർമയിൽ നിന്ന് മായുന്നില്ലെന്നും പി. ജയചന്ദ്രനെ ചികിൽസിച്ചിരുന്ന ഡോ.ആന്റണി കള്ളിയത്തും നഴ്സ് സുരഭിയും ഓർത്തെടുത്തു. രോഗത്തെത്തുടർന്നുള്ള ആശുപത്രി കിടക്കയിലെ വേദനകൾക്കിടയിലും പി.ജയചന്ദ്രൻ പാട്ടിനെ അത്രമാത്രം സ്നേഹിച്ചിരുന്നതായും ഡോക്ടർ പറഞ്ഞു. അമല ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.സോജൻ ജോർജിന്റെ നേതൃത്വത്തിലുള്ള ടീമാണ് പി.ജയചന്ദ്രനെ ചികിൽസിച്ചിരുന്നത്.
അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കിടെ കഴിഞ്ഞ ദിവസം അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന്റെ ഭൗതികശരീരം ഒരുനോക്കുകാണാനും യാത്രയാക്കാനും ഇന്നലെ രാവിലെ മുതൽ ആശുപത്രിയിലേക്ക് എത്തിയത് ഒട്ടേറെ പേർ. നടൻ ജയരാജ് വാരിയർ, മുൻ മന്ത്രി വി.കെ.സുനിൽ കുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, അമല മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 9.10നായിരുന്നു ആംബുലൻസിൽ പൂങ്കുന്നത്തെ തറവാട്ടു വീട്ടിലേക്ക് പൊതുദർശത്തിനായി കൊണ്ടുപോയത്. കുടുംബാംഗങ്ങളും കലാപ്രേമികളും വാഹനങ്ങളിൽ അനുഗമിച്ചു.
നോവായി പ്രിയഗാനം
തൃശൂർ ∙ അനശ്വര ഗായകൻ പി.ജയചന്ദ്രന് (80) സാംസ്കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാൻ ഒട്ടേറെപ്പേരാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തിൽ ശവദാഹം. ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനമുണ്ടാകും. തുടർന്നാണ് ചേന്ദമംഗലത്തേക്കു കൊണ്ടുപോകുന്നത്.
മൃതദേഹം മോർച്ചറിയിൽനിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോൾ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയിൽനിന്നു മരുമകൾ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരൻ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ആദരാഞ്ജലി അർപ്പിച്ചു.
ജയചന്ദ്രൻ പാട്ടിനായി സമർപ്പിച്ച പ്രതിഭ: മട്ടന്നൂർ
തൃശൂർ ∙ പാട്ടിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭയായിരുന്നു പി.ജയചന്ദ്രനെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു. ഏതു പാട്ടിനും ആലാപനത്തിലൂടെ ജീവനും ആത്മാവും നൽകി ആസ്വാദകരുടെ ഹൃദയത്തിൽ എത്തിക്കാൻ അദ്ദേഹത്തിനു പ്രത്യേകം വൈഭവം തന്നെ ഉണ്ടായിരുന്നു. ഗൾഫ് പരിപാടികൾക്കായി ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ സ്നേഹപൂർണമായ പെരുമാറ്റം ഇന്നും മധുരിക്കുന്ന സ്മരണയായി ഹൃദയത്തിലുണ്ടെന്ന് ചെയർമാൻ അനുസ്മരിച്ചു.
പഴയ വികൃതിക്കുട്ടൻ പിന്നെ പാട്ടുകളുടെ കൂട്ടുകാരൻ ; നർമദ പാലിയത്ത് പി.ജയചന്ദ്രനെ അനുസ്മരിക്കുന്നു
എന്നെക്കാൾ ഇളയതാ അവൻ. ‘എടാ’ എന്നു വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നെ ‘നർമേച്ചി’ എന്നാ വിളിച്ചിരുന്നത്. ആ വിളി ഇനിയില്ല’ അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന്റെ ബന്ധു നർമദ പാലിയത്ത് സങ്കടത്തോടെ പറഞ്ഞു. നർമദയുടെ അമ്മയുടെ അനുജത്തിയുടെ മകനാണ് ജയചന്ദ്രൻ. ഇരുവരുടെയും കുട്ടിക്കാലം പാലിയത്താണ്. കുട്ടിക്കാലത്ത് ജയൻ അൽപം ‘വികൃതിക്കുട്ടൻ’ ആയിരുന്നുവെന്നാണ് നർമദ പറയുന്നത്. 4–ാം ക്ലാസ് കഴിഞ്ഞപ്പോൾ പാലിയം വിട്ട ജയചന്ദ്രനുമായുള്ള അടുപ്പം കൂടുതൽ ദൃഢമായത് ഇരിങ്ങാലക്കുടയിലാണ്.
നർമദയുടെ ഭർത്താവ് ഇറിഗേഷൻ വകുപ്പിൽ എൻജിനീയർ ആയിരുന്ന ഭരതൻ മേനോൻ ജോലിയുടെ ഭാഗമായി 4 വർഷം ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്തായിരുന്നു താമസം. ആ സമയത്ത് ഇടയ്ക്കിടെ ഇരു വീട്ടുകാരും ഒരുമിച്ച് സിനിമ കാണാൻ പോകുമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സന്ദർശനം നടത്തുക പതിവായിരുന്നു. ജയചന്ദ്രൻ സിനിമയിൽ പാടുന്ന പാട്ടുകൾ എങ്ങനെയുണ്ടെന്ന അഭിപ്രായവും തന്നോട് ചോദിക്കുമായിരുന്നു.
ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടി കേൾപ്പിക്കാനും പാട്ടുകളെക്കുറിച്ചു സംസാരിക്കാനും ജയന് വലിയ താൽപര്യമായിരുന്നു. തന്റെ മകൻ ശശികുമാർ പാലിയത്തിനെ ഉത്സവങ്ങൾക്കും മറ്റും ജയചന്ദ്രൻ കൊണ്ടുപോകുകയും ചെയ്തിരുന്നു. ജയചന്ദ്രന്റെ മനസ്സിൽ എല്ലാവരോടും സ്നേഹമാണ്. ആരുടെയെങ്കിലും ദുഃഖം കണ്ടാൽ ജയന് സങ്കടം വരും. തനിക്ക് എപ്പോഴും ബഹുമാനം തന്നിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയുന്ന ആളായിരുന്നു ജയചന്ദ്രനെന്ന് നർമദ പറഞ്ഞു.