നെല്ലുവായ് ഏകാദശിക്ക് വൻ ഭക്തജനത്തിരക്ക്
Mail This Article
എരുമപ്പെട്ടി∙ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ (സ്വർഗവാതിൽ) ഏകാദശി ആഘോഷത്തിനു വൻ ഭക്തജനത്തിരക്ക്. ആയുർവേദത്തിന്റെ അധിദേവനായ ധന്വന്തരി മൂർത്തിയെ ഏകാദശി ദിനത്തിൽ ദർശിക്കുവാനും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുക്കുടി നിവേദ്യം സേവിക്കുന്നതിനുമായി പതിനായിരങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ നിർമാല്യ ദർശനത്തോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കം. ഇതിനു വളരെ മുൻപേ ഭക്തജനങ്ങളുടെ നീണ്ട നിര ക്ഷേത്രകവാടവും പിന്നിട്ട് സംസ്ഥാന പാതയിൽ മങ്ങാട് സെന്റർ വരെ രൂപപ്പെട്ടിരുന്നു.
ഗീതാപാരായണം, നാരായണീയ പാരായണം, സ്തോത്ര പഞ്ചാശിക പാരായണം, ഭക്തി പ്രഭാഷണം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി മേക്കാട്ട് നാരായണൻ നമ്പൂതിരി എന്നിവർ ഏകാദശി ദിന ചടങ്ങുകൾക്കും പൂജകൾക്കും മുഖ്യകാർമികത്വം വഹിച്ചു. ഏകാദശി ആഘോഷത്തോടനുബന്ധിച്ച് 4 ദിവസമായി നടന്നു വന്ന ധന്വന്തരി സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്നകീർത്തനാലപനത്തോടെ സമാപിച്ചു. ക്ഷേത്രം ഉൗട്ടുപുരയിലും പ്രത്യേകം തയാറാക്കിയ പന്തലിലുമായി നടന്ന പ്രസാദ ഉൗട്ടിനു മുൻ വർഷത്തെക്കാൾ തിരക്ക് അനുഭവപ്പെട്ടു. ഇരുപതിനായിരത്തിലേറെ പേർ ഉൗട്ടിൽ പങ്കെടുത്തു.
ഗോതമ്പുചോറും രസകാളനും പുഴുക്കുമാണ് വിളമ്പിയത്. ഏകാദശി ദിനത്തിലെ പ്രധാന വഴിപാടായ മുക്കുടി നിവേദ്യത്തിനു പുറമേ ധന്വന്തരി ഭഗവാന് ആടിയ എണ്ണയും ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് നടന്ന കാഴ്ച ശീവേലിയിൽ 14 ഗജവീരൻമാർ അണിനിരന്നു. പഴയന്നൂർ ശ്രീരാമൻ ഭഗവാന്റെ കോലമേറ്റി. ചോറ്റാനിക്കര വിജയൻ മാരാർ (തിമില), ചെർപ്പുളശേരി ശിവൻ (മദ്ദളം), തിരുവില്വാമല ഹരി (ഇടയ്ക്ക), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), മച്ചാട് മണികണ്ഠൻ (കൊമ്പ്) തുടങ്ങി എഴുപതിലേറെ വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് നടന്നു. ഏകാദശി ദിനത്തിൽ മാത്രമാണ് ധന്വന്തരി ഭഗവാൻ ക്ഷേത്രം മതിൽപ്പുറത്തേക്ക് എഴുന്നള്ളുക.