സെന്റ് തോമസ് കത്തീഡ്രൽ തിരുനാൾ; അമ്പ് പ്രദക്ഷിണം ഇന്ന്
Mail This Article
ഇരിങ്ങാലക്കുട ∙ സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന്റെ ഭാഗമായി വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പു പ്രദക്ഷിണം ഇന്നു നടക്കും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം 10നു വൈകിട്ട് 7ന് ഡിവൈഎസ്പി കെ.ജി.സുരേഷ് നിർവഹിക്കും. തുടർന്ന് 7.30ന് ഫ്യൂഷൻ മ്യൂസിക് ഷോ ഉണ്ടായിരിക്കും. ഇന്നു രാവിലെ 6ന് കുർബാനയ്ക്കു ശേഷം മദ്ബഹയിൽ നിന്ന് തിരുസ്വരൂപങ്ങൾ പള്ളിയിലെ രൂപ കൂടുകളിലേക്കു ഇറക്കി സ്ഥാപിക്കും. തുടർന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകൾ വെഞ്ചരിക്കും. 7.30ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും.
ഉച്ചയ്ക്ക് 2 മുതൽ 5 വരെ ബാൻഡ് മേളം, രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, തുടർന്ന് രാത്രി 8ന് സീയോൻ ഹാളിൽ മതസൗഹാർദ സമ്മേളനം എന്നിവ നടക്കും. തുടർന്ന് വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേരും. തിരുനാൾ ദിനമായ നാളെ രാവിലെ 6.30നും 7.30 നും കുർബാന. 10.30ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികത്വം വഹിക്കും.
ഗതാഗത നിയന്ത്രണം
സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇന്നു മുതൽ 13 വരെ ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എസ്എച്ച്ഒ അനീഷ് കരീം പറഞ്ഞു.
നകാരം കൊട്ടി അറിയിക്കും തിരുനാൾ
ഇരിങ്ങാലക്കുട ∙ സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറുന്ന അന്നു മുതൽ തിരുനാൾ തീരും വരെ നഗരമാകെ മുഴങ്ങുന്ന ഒരു താളപ്പെരുക്കമുണ്ട്. പെരുമ്പറ മുഴക്കം പോലുള്ള ശബ്ദം തിരുനാൾ ആരംഭിച്ചതിന്റെ അറിയിപ്പു കൂടിയായാണ് നാടും നഗരവും ഏറ്റെടുക്കുന്നത്. പെരുമ്പറ രൂപത്തിലുള്ള വാദ്യോപകരണം ആദ്യ കാലത്ത് കാള വണ്ടിയിൽ കയറ്റി ഒരു അറിയിപ്പു പോലെ നഗരമാകെ കൊട്ടുന്നത് പതിവായിരുന്നു. നകാരം കൊട്ടുക എന്നാണ് ഇതിനെ പറയുന്നത്. പ്രൗഢി അൽപം കുറഞ്ഞെങ്കിലും തിരുനാൾ ദിവസങ്ങളിൽ കുർബാനയ്ക്ക് ശേഷവും വൈകിട്ട് പള്ളി മണി മുഴങ്ങുന്ന സമയത്തും കത്തീഡ്രൽ നകാരത്തിന്റെ താളം ഉയരും.
രാജ ഭരണകാലത്ത് വിളംബരം നടത്തിയിരുന്നത് നകാരം കൊട്ടിയായിരുന്നു. പിന്നീടത് പള്ളികൾക്ക് കൈമാറിയെന്ന് കഴിഞ്ഞ 55 വർഷമായി നകാരം കൊട്ടാൻ നേതൃത്വം നൽകുന്ന പള്ളിയിലെ ജീവനക്കാരൻ കോട്ടയ്ക്കൽ പോൾസൺ പറയുന്നു. ആ പാരമ്പര്യം തുടരുന്ന ചുരുക്കം ചില ആരാധനാലയങ്ങൾ ഒന്നാണ് സെന്റ് തോമസ് കത്തീഡ്രൽ. തിരുനാൾ പ്രദക്ഷിണം നഗരം ചുറ്റുന്ന സമയത്ത് മുന്നിൽ കാള വണ്ടിയിൽ നകാരം കൊട്ടി പോൾസനും സംഘവും ഉണ്ടാകും. എഴുപത് വയസ്സ് പിന്നിട്ട പോൾസനൊപ്പം മക്കളും പേരക്കുട്ടികളും ഈ ആചാരത്തിന് നേതൃത്വം നൽകുന്നു. രണ്ടാമത്തെ മകൻ ജസ്റ്റിൻ നാൽപതു വർഷമായി നകാരം കൊട്ടാൻ പിതാവിനൊപ്പമുണ്ട്.