ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകന് 33 വർഷം കഠിനതടവ്

Mail This Article
ചാവക്കാട്∙ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകന് 33 വർഷവും 7 മാസവും കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. പാടൂർ കൊല്ലങ്കി വീട്ടിൽ സനീഷിനെയാണ് (33) ശിക്ഷിച്ചത്. പെരിങ്ങാട് കളപ്പുരയ്ക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനെ (35) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ വിഷ്ണുപ്രസാദിന് നൽകണമെന്നും വിധിയിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്. 2016 ഒക്ടോബർ 21ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. പാടൂർ ഇടിയഞ്ചിറ പാലത്തിനടുത്ത് ബൈക്കിൽ വന്നിരുന്ന വിഷ്ണുപ്രസാദിനെ സനീഷിന്റെ നേതൃത്വത്തിൽ കാറിലെത്തിയ സംഘം തടഞ്ഞുവച്ച് വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
അടുത്തു കണ്ട വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചെങ്കിലും വാതിൽ ചവിട്ടിപ്പൊളിച്ച അക്രമിസംഘം വീടിനകത്ത് കയറി വിഷ്ണുപ്രസാദിനെ വെട്ടുകയായിരുന്നു. മരിച്ചെന്ന് കരുതി അക്രമി സംഘം വന്ന കാറിൽ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണു പ്രസാദ് പുറത്തേയ്ക്ക് ഇഴഞ്ഞുവരികയായിരുന്നു. അതുവഴി ഓട്ടോറിക്ഷയുമായി വന്നയാൾ പാവറട്ടി ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഷ്ണുപ്രസാദ്. വർഷങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂർ ഭാഗങ്ങളിൽ നടന്നിരുന്ന ബിജെപി–സിപിഎം സംഘട്ടനത്തെ തുടർന്നുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. പാവറട്ടി എസ്ഐ എസ്.അരുൺ കേസ് റജിസ്റ്റർ ചെയ്തു. ഗുരുവായൂർ എസ്എച്ച്ഒ ഇ.ബാലകൃഷ്ണൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.