ഗുരുവായൂരിൽ ഇന്ന് 248 വിവാഹങ്ങൾ; ഭണ്ഡാര വരവ് റെക്കോർഡ്

Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്ന് 248 വിവാഹങ്ങളുടെ ബുക്കിങ് ആയി. തിരക്കു പരിഗണിച്ച് ദർശനത്തിനുള്ള വരി ക്യൂ കോംപ്ലക്സിന്റെ വടക്കു ഭാഗത്ത് കുളത്തിന്റെ കിഴക്കു വശത്തേക്ക് മാറ്റി. വിവാഹത്തിന് എത്തുന്ന സംഘങ്ങൾക്ക് വിശ്രമിക്കാൻ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയവും മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്ത് പ്രത്യേക പന്തലും തയാറാക്കി.
റിസപ്ഷൻ സെന്ററിൽ എത്തുന്ന വിവാഹ സംഘങ്ങൾക്ക് മുഹൂർത്ത സമയം അനുസരിച്ച് പ്രത്യേക പന്തലിൽ ഇരിപ്പിടം നൽകും. മുഹൂർത്ത സമയത്തിന് തൊട്ടു മുൻപ് മേൽപുത്തൂർ ഓഡിറ്റോറിയം വഴി കല്യാണ മണ്ഡപത്തിൽ എത്തിക്കും. 4 വിവാഹ മണ്ഡപങ്ങൾ സജ്ജമാണ്. ആവശ്യമെങ്കിൽ താൽക്കാലിക മണ്ഡപം കൂടി ഉപയോഗിക്കും.
ഗുരുവായൂരിൽ ഭണ്ഡാര വരവ് റെക്കോർഡ്; 7.50 കോടി രൂപ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് 7,50,22,241 രൂപ ലഭിച്ചത് സർവകാല റെക്കോർഡ് ആയി. 2024 ജൂൺ മാസത്തിൽ ലഭിച്ച 7,36,47,345 രൂപയാണ് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ തുക. 3 കിലോ 906 ഗ്രാം 200 മില്ലി ഗ്രാം സ്വർണവും 25.83 കിലോ വെള്ളിയും ഇക്കുറി ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. ഇ ഭണ്ഡാരങ്ങളിൽ നിന്ന് 3.94 ലക്ഷം രൂപയും ലഭിച്ചു.സർക്കാർ പിൻവലിച്ച 2000 രൂപയുടെ 35 നോട്ടുകളും നിരോധിച്ച 1000 രൂപയുടെ 14നോട്ടുകളും 500 രൂപയുടെ 33 നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു.