ADVERTISEMENT

തൃശൂർ ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. ബിനിലും പരുക്കേറ്റ ജെയ്ൻ കുര്യനും അടക്കമുള്ളവർ റഷ്യൻ പൗരത്വം സ്വീകരിച്ചതിന്റെ രേഖകൾ ചൂണ്ടിക്കാട്ടി സൈനിക കമാൻഡർമാർ നിയമതടസ്സമുന്നയിച്ചതോടെ ഇന്ത്യൻ എംബസി വഴി വിദേശകാര്യ മന്ത്രാലയം നടത്തിവന്ന ചർച്ചകൾ വഴിമുട്ടിയ നിലയിലാണ്. കൊല്ലപ്പെട്ടതു റഷ്യൻ പൗരനാണെന്നും മൃതദേഹം വിട്ടുനൽകാൻ നിയമപരമായി ബാധ്യതയില്ലെന്നും സൈനിക വക്താക്കൾ നിലപാടെടുക്കുന്നുവെന്നാണു സൂചന.

മോസ്കോയിൽ നിന്ന് 700 കിലോമീറ്ററിലേറെ ദൂരെ യുക്രെയ്ൻ അതിർത്തിയിലെ ബൽഗരോദ് ക്യാംപിലാണു ബിനിലിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.പരുക്കേറ്റു ചികിത്സയിലുള്ള ജെയ്ൻ കുര്യനെ മോസ്കോയിലെ സൈനിക ആശുപത്രിയിൽ ചില മലയാളി സുഹൃത്തുക്കൾ സന്ദർശിച്ചപ്പോഴാണു കൂടുതൽ വിവരങ്ങൾ വ്യക്തമായത്. ആശുപത്രി രേഖകളുടെ കൂട്ടത്തിൽ ജെയ്നിന്റെ റഷ്യൻ പാസ്പോർട്ടുമുണ്ട്. എന്നാൽ, തങ്ങൾ കുടുങ്ങിപ്പോയതാണെന്നും തെറ്റിദ്ധരിപ്പിച്ചു പൗരത്വം മാറ്റിയെടുക്കുകയായിരുന്നുവെന്നും ആശുപത്രി സന്ദർശിച്ചവരോടു ജെയ്ൻ തന്നെ വ്യക്തമാക്കി.

ജെയ്നും ബിനിലും അടക്കം കൂലിപ്പട്ടാളത്തിൽ കുടുങ്ങിപ്പോയവരുടെയെല്ലാം ഇന്ത്യൻ  പാസ്പോർട്ടുകൾ കൂലിപ്പട്ടാളം നേരത്തെ തന്നെ വാങ്ങിവച്ചിരുന്നു. ഇതിനു പകരം ഒപ്പുവച്ച രേഖകളിൽ പൗരത്വം മാറ്റാനുള്ള അപേക്ഷകളും ഉൾപ്പെട്ടിരുന്നു. റഷ്യൻ പാസ്പോർട്ട് പകരം നൽകിയപ്പോഴും താൽക്കാലിക സംവിധാനമാണെന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്. കരാർ കാലാവധി തീർന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന സമയത്ത് ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചിരുന്നു.

ജെയ്നിന്റെ ചികിത്സയിൽ പുരോഗതി 
∙ മോസ്കോയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയ്ൻ കുര്യൻ വാട്സാപ് വോയ്സ് മെസേജിലൂടെ മലയാളി സുഹൃത്തുക്കളെ ചികിത്സാ പുരോഗതി അറിയിച്ചു. ‘സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂക്കിലൂടെ കുഴലിട്ടിട്ടുണ്ട്. സർജറി ചെയ്തിട്ടുണ്ട്. എന്തു സർജറിയാണെന്നറിയില്ല. നിങ്ങൾ വന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു..’ ഈ സന്ദേശം സ്വീകരിച്ചാണു മോസ്കോയിലുള്ള മലയാളി സുഹൃത്തുക്കൾ ആശുപത്രിയിലെത്തിയത്. ജെയ്നിനു ലഭിക്കുന്നതു വിദഗ്ധ ചികിത്സയാണെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ഇവർ അറിയിച്ചു. ഷെൽ ആക്രമണത്തിൽ ജെയ്നിന്റെ വയറിനാണു പരുക്ക്.

English Summary:

Binil Babu's body repatriation from Ukraine is stalled due to acquired Russian citizenship. Jayan Kurian, also involved and injured, explains they were misled into accepting Russian citizenship by the mercenary group.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com